തടസ്സരഹിത കേരളത്തിനായി ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ, ട്രെയിനിംഗ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണ് ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗ് എന്ന ഒറ്റ പദ്ധതിയ്ക്ക് നടപ്പു സാമ്പത്തിക വർഷം 30 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണിത്.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവകാശാധിഷ്ഠിത സാമൂഹ്യ മുന്നേറ്റം ഉറപ്പാക്കുന്നതിനും പൊതു ഇടങ്ങൾ അവരുടെ തടസ്സരഹിതസഞ്ചാരത്തിന് അനുയോജ്യമാക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ആക്‌സസിബിൾ ഇന്ത്യ ക്യാമ്പയിൻ പദ്ധതിയിലൂടെയും ബാരിയർ ഫ്രീ കേരള പദ്ധതിയിലൂടെയും സാമൂഹ്യനീതി വകുപ്പ് നടപടികൾ സ്വീകരിച്ചു വരികയാണ് – മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.