ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് ‘അരികെ’ പരിശീലന സഹായി മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

0
70

ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് വേണ്ടിയുള്ള ‘അരികെ’ പരിശീലന സഹായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പരിപാടികൾക്കുള്ള പരിശീലന സഹായിയാണിത്.

പാലിയേറ്റീവ് രോഗികൾക്ക് മികച്ച ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പാലിയേറ്റീവ് കെയർ നയത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളിൽ പരിശീലന പരിപാടികൾ നടന്നുവരുന്നു. പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രങ്ങൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന തലത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ഗുണമേൻമയുള്ള പാലിയേറ്റീവ് പരിശീലനം നൽകി പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ക്രോണിക് പേഷ്യന്റ്സ് മാനേജ്മെന്റ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഫിസിയോത്തെറാപ്പി സൗകര്യവും ഈ യൂണിറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും സെക്കന്ററി പാലിയേറ്റീവ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. സന്നദ്ധ മേഖലയിൽ മൂന്നുറിലധികം സന്നദ്ധ സംഘടനകൾ രോഗികൾക്ക് പരിചരണം നൽകുന്നു. കൂടാതെ, രോഗികൾക്ക് സാമൂഹ്യ മാനസിക പിന്തുണ നൽകുന്ന നിരവധി സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ, ജനറൽ ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

വിവിധ തലങ്ങളിൽ നടക്കുന്ന പരിശീലന പരിപാടികൾക്ക് പൊതുരൂപവും പാഠ്യപദ്ധതിയും രൂപപ്പെടുത്തി. എല്ലാ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും രോഗീ പരിശീലനത്തോടൊപ്പം പരിശീലനവും ഒരു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. കൃത്യമായ പരിശീലനം നൽകത്തക്ക വിധത്തിൽ തങ്ങളുടെ രോഗീ പരിചരണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ ഓരോ പരിശീലന കേന്ദ്രവും പ്രയത്നിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.