വിലനിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

0
71

വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും ജില്ലകളിൽ ജില്ലാ ഫെയറുകളും ഇതോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടക്കുകയാണ്. കേരളത്തിലെ കർഷകരുടെ പച്ചക്കറികളും ഗ്രാമീണ ഉൽപ്പന്നങ്ങളും ഈ വിപണനമേളകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. രാജ്യവ്യാപകമായി വലിയ തോതിലുള്ള വിലക്കയറ്റം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ സർക്കാർ പൊതു വിപണിയിൽ ഇടപെട്ട് ഫലപ്രദമായി വിലക്കയറ്റത്തെ നിയന്ത്രിക്കുകയാണ്. രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ ഉള്ളതെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇത് പൊതുജനങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്.

കഴിഞ്ഞ ആറുവർഷമായി 9702 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുവേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയത്. വിശപ്പുരഹിത കേരളം എന്ന ലക്ഷൃത്തിന് വേണ്ടിയിട്ടുള്ള നടപടികളെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു വ്യക്തിയോ ഒരു കുടുംബമോ പോലും വിശന്നിരിക്കാൻ പാടില്ല എന്നുള്ളതാണ് ഗവൺമെന്റിന്റെ പ്രഖ്യാപിത നിലപാട്. കോവിഡിന്റെ കാലഘട്ടത്തിൽ പോലും ഈ ലക്ഷ്യം പ്രാവർത്തികമാക്കിയാണ് നാം മുന്നോട്ടു പോയത്. സപ്ലൈകോ വിപണിയിൽ നടത്തുന്ന ഇടപെടൽ മാതൃകാപരമാണ്. നെല്ല് സംഭരണത്തിന് 28 രൂപ തറവില പ്രഖ്യാപിക്കുകയും റേഷൻ വിതരണം കൃത്യതയോടെ നടത്തുവാനും നമുക്ക് സാധിക്കുന്നു. 1630 സപ്ലൈകോ ചില്ലറ വിൽപന ശാലകളും മാവേലി സ്റ്റോറുകളും കൃഷിവകുപ്പ് സ്റ്റാളുകളും സഹകരണ ചന്തകളും ഒക്കെ ഉൾപ്പെടുന്ന വിപുലമായ പൊതുവിതരണ ശൃംഖലയാണ് വിപണി നിയന്ത്രണത്തിലെ കേരളത്തിന്റെ നേട്ടത്തിന് കാരണം. പൊതുവിതരണത്തിലെ നല്ല മാതൃകകളിൽ ഒന്നാണ് സൗജന്യ ഓണക്കിറ്റ് വിതരണം. തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ 22 ലക്ഷം കിറ്റുകൾ വിതരണം ചെയ്യാൻ നമുക്ക് സാധിച്ചുവെന്നത് പൊതുമേഖല സംവിധാനത്തിന്റെ ശേഷി തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയോടനുബന്ധിച്ച് ഓണം സമ്മാനമഴ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും ഫെയറിലെ ആദ്യ വിൽപ്പനയും മുഖ്യമന്ത്രി നിർവ്വഹിച്ചു.

ഓണക്കിറ്റ് വിതരണം വിജയകരമായി പൂർത്തീകരിച്ചു വരികയാണെന്ന് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. 2016ലെ വിലക്ക് 13 കൂട്ടം നിത്യോപയോഗ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. 22 ലക്ഷത്തോളം കിറ്റുകൾ റെക്കോർഡ് വേഗത്തിൽ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഡപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ ചെയർമാൻ ഡോ.സഞ്ജീവ് പട് ജോഷി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.