പശുക്കളെ വാഹനത്തിൽ കയറ്റുന്നതു കുറ്റമല്ല, പെർമിറ്റ് വേണ്ട : ഹൈക്കോടതി

0
79

യുപി സംസ്ഥാനത്തിനകത്ത് പശുക്കളെ ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു വാഹനത്തിൽ കൊണ്ടുപോവുന്നത് കുറ്റമല്ലെന്ന് അലഹാബാദ്  ഹൈക്കോടതി. പശുക്കളെ വാഹനത്തിൽ കൊണ്ടുപോവുന്നത് ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിന്റെ ലംഘനല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് അസ്ലം വ്യക്തമാക്കി.

വാരാണസി ജില്ലാ കല്കടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. പെർമിറ്റ് ഇല്ലാതെ പശുക്കളെ കൊണ്ടുപോവുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. പശുക്കളെ കശാപ്പിനായി കൊണ്ടുപോവുകയെന്നാണ് ആക്ഷേപം.

സംസ്ഥാനത്തിനകത്ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പശുക്കളെ വാഹനത്തിൽ കൊണ്ടുപോവാൻ പെർമിറ്റിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പശുക്കളെ കൊണ്ടുപോവുന്നതിനു പെർമിറ്റ് ഇല്ലെന്ന പേരിൽ തന്റെ ട്രക്ക് പൊലീസ് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാക്കിബ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇയാൾക്കെതിരെ യുപി ഗോവധനിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ട്രക്ക് വിട്ടുകിട്ടുന്നതിനായി ജില്ലാ കലക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. തുടർന്നാണ് കോടതിയെ സമീപിച്ചത്. പശുക്കളെ കൊണ്ടുപോവുന്നതിന് പെർമിറ്റ് ആവശ്യമുണ്ടെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്.