എടിഎം തട്ടിപ്പ്: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്ന് പണം നഷ്ടപ്പെട്ടു

0
76

കൊച്ചി നഗരത്തിൽ വീണ്ടും എടിഎം തട്ടിപ്പ്, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. കളമശ്ശേിയിലെ എഴ് ഇടപാടുകാർക്ക് 25,000 രൂപ നഷ്ടമായി. തട്ടിപ്പ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖം മറയ്ക്കാതെ പണം മോഷ്ടിക്കുന്ന ഇയാളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിനു മുൻപ് ഇയാൾ കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടിനു വരുന്നവർ തിരിച്ചുപോകുന്നതോടെ എടിഎമ്മിലെത്തി ഇയാൾ അടച്ചുവച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കും. ഇക്കാര്യം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം പുറത്തുവരുന്നത്. കളമശ്ശേരി, തൃപ്പുണിത്തുറ, ചേന്ദമംഗലം, തിരുവാങ്കുളം, വൈറ്റില, എടപ്പള്ളി, ബാനർജി റോഡ് ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്നും ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്. പണം പിൻവലിക്കാൻ സാധിക്കാതായതോടെ ഇടപാടുകാർ ബാങ്കിൽ അറിയിക്കുകയും സംശയം തോന്നി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

സംഭവത്തിൽ കളമശ്ശേരി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും തൃക്കാക്ക എസിപി പി.വി. ബേബി പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും സമാന രീതിയിൽ പണം നഷ്ടപ്പെട്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.