ട്രൗസറിൽ ഉൾപ്പെടെ പാമ്ബുകളെ വെച്ച് കള്ളക്കടത്ത്; കാലിഫോർണിയ സ്വദേശിക്ക് നാൽപ്പത്തിയഞ്ച് വർഷത്തെ ജയിൽ വാസം

0
76

പാമ്ബുകളെയും പല്ലികളെയും അമേരിക്കയിലേക്ക് കടത്തിയയാളെ കാത്തിരിക്കുന്നത് നാൽപ്പത്തിയഞ്ച് വർഷത്തെ ജയിൽ വാസം. ഏകദേശം അഞ്ചുകോടി രൂപ (75,00,00 യുഎസ് ഡോളർ)വില വരുന്ന പാമ്ബുകളെയും പല്ലികളെയുമാണ് ഇയാൾ കടത്തിയത്. ട്രൗസറിൽ ഉൾപ്പെടെ പാമ്ബുകളെ വെച്ചാണ് ഇയാൾ കള്ളക്കടത്ത് നടത്തിയിരുന്നത്.

സൗത്തേൺ കാലിഫോർണിയ സ്വദേശിയായ ജോസ് മാനുവൽ പെരെസ് എന്നയാളാണ് ആറുവർഷമായി വൻ തോതിലുള്ള കടത്ത് നടത്തിവന്നത്. 1,7000 മൃഗങ്ങളെ ഇതിനോടകം മെക്‌സിക്കോയിൽ നിന്നും ഹോങ് കോങിൽ നിന്നും കടത്തിയിട്ടുണ്ടെന്നാണ് വിവരം.

ചില മൃഗങ്ങളെ അതിർത്തി കടത്താനായി അധികൃതർക്ക് പണം നൽകിയിട്ടുണ്ടെന്ന് പെരെസ് സമ്മതിച്ചു. കടലാമകൾ, മുതല കുഞ്ഞുങ്ങൾ, മെക്‌സിക്കൻ പല്ലികൾ തുടങ്ങിയ മൃഗങ്ങളെ ഇയാൾ കടത്തിയിട്ടുണ്ട്.

മാർച്ചിൽ മെക്‌സിക്കോയിൽ നിന്ന് മൃഗങ്ങളെ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അറുപതോളം ജീവികളെ അരക്കെട്ടിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു വച്ചായിരുന്നു പെരെസിന്റെ യാത്ര. അതിർത്തിയിൽ തടഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തന്റെ വളർത്ത് പല്ലികളെ കൊണ്ടുപോവുകയാണ് എന്നാണ് പറഞ്ഞത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവികളുണ്ടെന്ന് മനസ്സിലായത്.

ഇസ്തമിയിൻ കുള്ളൻ ബോസ് എന്നറിയപ്പെടുന്ന നിറം മാറാൻ ശേഷിയുള്ള ചെറിയ പാമ്ബ് ഉൾപ്പെടെ പെരെസിന്റെ കൈവശമുണ്ടായരുന്നു. രണ്ട് കള്ളക്കടത്ത് കുറ്റങ്ങൾ സമ്മതിച്ച പെരെസിന് ഇവയിൽ 20 വർഷം വീതമുള്ള ശിക്ഷയാണ് ലഭിക്കുക. വന്യ മൃഗങ്ങളെ കടത്തിയതിന് അഞ്ചുവർഷം ശിക്ഷയും ലഭിക്കും. ഇയാൾക്കുള്ള ശിക്ഷാവിധി ഡിസംബർ ഒന്നിനാണ് പ്രഖ്യാപിക്കുന്നത്.