ആശുപത്രികൾ, വിവാഹ ഹാളുകൾ എന്നിവിടങ്ങളിലെ പണമിടപാടുകൾ നിരീക്ഷിക്കാൻ ഒരുങ്ങി ആദായനികുതി വകുപ്പ്

0
67

ആശുപത്രികൾ, വിവാഹ ഹാളുകൾ എന്നിവിടങ്ങളിലെ പണമിടപാടുകൾ നിരീക്ഷിക്കാൻ ഒരുങ്ങി ആദായനികുതി വകുപ്പ്. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ആശുപത്രികൾ, വിവാഹ ഹാളുകൾ എന്നിവിടങ്ങളിലെ പണമിടപാടുകൾ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

നിലവിൽ വായ്പ, നിക്ഷേപം എന്നി പേരുകളിൽ 20,000 രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കരുതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബാങ്ക് വഴി മാത്രമേ പരിധിക്ക് മുകളിലുള്ള ഇടപാടുകൾ നടത്താൻ പാടുള്ളൂ. ഇതിന് പുറമേ മറ്റൊരാളിൽ നിന്ന് പണമായി പരമാവധി സ്വീകരിക്കാവുന്ന തുക രണ്ടുലക്ഷം രൂപയിൽ താഴെയാണ്. രണ്ടുലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾ ബാങ്ക് വഴി നടത്തണമെന്നതാണ് വ്യവസ്ഥ. എന്നാൽ ചില ആശുപത്രികളിലും വിവാഹ ഹാളുകളിലും ഇത് പാലിക്കപ്പെടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇത് ഗൗരവമായി കണ്ട് നിരീക്ഷണം ശക്തമാക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

രോഗികളെ പ്രവേശിപ്പിക്കുന്ന സമയത്ത് ചില ആശുപത്രികൾ പാൻ കാർഡ് വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നതാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. അത്തരം ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ആശുപത്രികളിലെ ഡേറ്റ സമാഹരിച്ച് ചികിത്സാചെലവിനായി വലിയ തുക അടച്ചവരെ ട്രാക്ക് ചെയ്യാനാണ് ആദായനികുതി വകുപ്പ് പദ്ധതിയിടുന്നത്