കൈത്തറിയുടെ കമ്പോളം വിപുലപ്പെടുത്താൻ കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാൻ ശ്രമിക്കുമെന്ന് വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ്. കൈത്തറിയുടെ മാർക്കറ്റിംഗ് ഉൾപ്പെടയുള്ളവ ശക്തിപ്പെടുത്തുന്നത് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നായനാർ പാർക്കിൽ ആരംഭിച്ച കൈത്തറി ഓണം മേള 2022 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സ്‌കൂൾ യൂണിഫോം തുണിയുടെ നിർമ്മാണം കൈത്തറി വഴിയാക്കിയത്. ഇതാണ് ഇപ്പോൾ കൈത്തറിയെ നിലനിർത്തുന്നത്. എന്നാൽ ഇത് മാത്രം കൊണ്ട് നിലനിൽക്കാനാവില്ല. കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യൂണിഫോം തുണി നിർമ്മാണക്കൂലിയായി തിരുവനന്തപുരം ജില്ലയിൽ മാത്രം ഇതുവരെ 23 കോടി രൂപ നൽകി. കയർ-കശുവണ്ടി-കൈത്തറി ഉത്പന്നങ്ങളുടെ കോമ്പോ തയ്യാറാക്കി വിൽപനയ്‌ക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കൈത്തറി പ്രോത്സാഹനത്തിന് പരമാവധി സഹായങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈത്തറിയുടെ പുതിയ ഉത്പന്നമായ, കുട്ടികൾക്കുള്ള ജൂനിയർ കമാൻഡോ ഷർട്ട് മന്ത്രി പി. രാജീവിൽ നിന്ന് പത്മശ്രീ ഗോപിനാഥൻ ഏറ്റുവാങ്ങി.
നായനാർ പാർക്കിൽ ഇന്നലെ (ആഗസ്റ്റ് 25) ആരംഭിച്ച മേള സെപ്റ്റംബർ 7 ന് സമാപിക്കും. ബാലരാമപുരം കൈത്തറി ഉത്പന്നങ്ങൾ, പരമ്പരാഗത കുത്താമ്പുള്ളി സാരികൾ, ഹാന്റക്‌സ്, ഹാൻവീവ് തുണിത്തരങ്ങൾ, എന്നിവ 20% സർക്കാർ റിബേറ്റിൽ ലഭിക്കും. മേള സന്ദർശിക്കുന്നവർക്ക് പരമ്പരാഗത തറിയും ചർക്കയും മറ്റു നെയ്ത്തു പകരണങ്ങളും നേരിട്ട് കാണാനുള്ള അവസരവുമുണ്ട്. മേളയ്‌ക്കെത്തി സെൽഫിയെടുത്ത് അയക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക റിബേറ്റും ലഭിക്കും.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 17 സംഘങ്ങളും തൃശ്ശൂരിൽ നിന്നുള്ള കൈത്തറി സംഘങ്ങളും മേളയുടെ ഭാഗമാണ്. ഉദ്ഘാടന ചടങ്ങിൽ കൈത്തറി ഡയറക്ടർ അനിൽകുമാർ കെ.എസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത് എസ്, വിവിധ കൈത്തറി തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരും പങ്കെടുത്തു.