ബിൽക്കിസ് ബാനോ കേസ്: ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

0
72

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ ഇളവ് ലഭിച്ചവരെ കക്ഷികളായി ഉൾപ്പെടുത്താനും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരോട് ആവശ്യപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഉൾപ്പടെയുള്ളവർ ആണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളെ ശിക്ഷിച്ച പ്രത്യേക കോടതി ജഡ്ജിയും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു.

2002 മാർച്ചിൽ ഗോധ്‌ര സംഭവത്തിനു ശേഷമുണ്ടായ കലാപത്തിനിടെ അഞ്ചു മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളെയാണ് ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു മോചിപ്പിച്ചത്. ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് അനുവദിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 15 ന് 11 പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.