ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ നടത്തിയ ‘മനുഷ്യമല’ പരിപാടിക്കിടെ 24കാരൻ വീണ് മരിച്ചു

0
82

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ നടത്തിയ ആഘോഷ പരിപാടിക്കിടെ 24കാരൻ വീണ് മരിച്ചു. ഉറിയടിക്കായി ആളുകൾ ഒന്നിന് മുകളിൽ ഒന്നായി കയറി മനുഷ്യപിരമിഡ് തീർത്ത് മുകളിൽ എത്തിയ സമയത്ത് യുവാവ് ബാലൻസ് തെറ്റി വീഴുകയായിരുന്നു. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ വിലെ പാർലെയിൽ വെള്ളിയാഴ്ച രാത്രി ഉറിയടി ആഘോഷമായ ദാഹി ഹാൻഡിക്കിടെയാണ് അപകടം സംഭവിച്ചത്. സന്ദേശ് ദാൽവിയാണ് വീണുമരിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ ആദ്യം കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച്‌ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

‘മനുഷ്യപിരമിഡിൽ’ നിന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്രദ്ധയാണ് മരണം കാരണമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ രാജ്യമൊട്ടാകെ നടത്തിയ ദാഹി ഹാൻഡിയിൽ പങ്കെടുത്ത 222 പേർക്കാണ് പരിക്കേറ്റത്.