ബിൽക്കിസ് ബാനോ കേസിൽ പ്രതികളെ വിട്ടയച്ചതിന് പിന്നാലെ രൺധിക്പൂരിലെ മുസ്ലീം കുടുംബങ്ങൾ ഗ്രാമം വിടുന്നു

0
63

ബിൽക്കിസ് ബാനോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചതിന് പിന്നാലെ രൺധിക്പൂരിലെ നിരവധി മുസ്ലീം കുടുംബങ്ങൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് 2017 മുതൽ ബിൽക്കിസ് ബാനോ താമസിക്കുന്ന ദാഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ താലൂക്കിലെ റാഹി-മബാദ് റിലീഫ് കോളനിയിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ആഴ്‌ച മുതൽ ഭയത്തിലാണ് ജീവിക്കുന്നത് .നേരിട്ടുള്ള ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഗ്രാമത്തിലെ ആഹ്ലാദവും, അവർക്ക് ലഭിച്ച സ്വീകരണവും കാണുമ്പോൾ ഞങ്ങൾ അവിടെ സുരക്ഷിതരല്ലെന്ന് തോന്നലാണ് ഉണ്ടാക്കുന്നത്. അവർ പരോളിൽ പുറത്തിറങ്ങിയപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. അവർ ആത്യന്തികമായി തടവുകാരാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, പക്ഷേ ഇപ്പോൾ അവരെ വിട്ടയച്ചു- 24 കാരിയായ സുൽത്താന ഇന്ത്യൻ എക്പ്രസ്സിനോട് പറഞ്ഞു.

ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായയ്ക്കും ബഹുമാനത്തിനും കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദഹോദിലെ മുസ്ലീം സമുദായാംഗങ്ങൾ തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. മോചനത്തിൽ പ്രതിഷേധിച്ച് റാലി സംഘടിപ്പിക്കാനുള്ള അനുമതിയും തേടുന്നുണ്ടെന്ന് അവർ പറഞ്ഞു.

ഗുജറാത്ത് സർക്കാർ രൂപീകരിച്ച ജയിൽ ഉപദേശക സമിതിയുടെ ശിപാർശയെത്തുടർന്നാണ് ബിൽക്കിസ് ബാനോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 11 പ്രതികളെ ഓഗസ്റ്റ് 15 ന് ഗോധ്ര സബ് ജയിലിൽ നിന്ന് മോചിപ്പിച്ചത്.

അതേസമയം കുറ്റവാളികൾ ഓഗസ്റ്റ് 15 ന് ഗ്രാമത്തിലേക്ക് മടങ്ങിയതിന് ശേഷം ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് രൺധിക്പൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഡിജി വോഹാനിയ പറഞ്ഞു. ഒരാഴ്ചയായി ഗ്രാമത്തിൽ പോലീസ് വ്യാപകമായ പട്രോളിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.