ചൈനയില്‍ ജനന നിരക്കുകളിലെ ഇടിവിന് കൊറോണ വ്യാപനം കാരണമായെന്ന് റിപ്പോര്‍ട്ട്

0
115

ചൈനയിൽ ജനന നിരക്കുകളിലെ ഇടിവിന് കൊറോണ വ്യാപനം കാരണമായെന്ന് റിപ്പോർട്ട്. രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ജനനനിരക്കിൽ മാത്രമല്ല വിവാഹം ചെയ്യുന്നവരുടെ എണ്ണത്തിലും കുറവ് വന്നതായി റിപ്പോർട്ടിൽ പറയുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ചൈനയിൽ ഈ വർഷം ഉള്ളതെന്നാണ് കണക്കുകൾ.

യുവാക്കൾ നഗര പ്രദേശങ്ങളിലേക്ക് മാറുന്നു, വിദ്യാഭ്യാസത്തിനായി അവർ കൂടുതൽ സമയം ചെലവഴിക്കുന്നു, ഉയർന്ന സമ്മർദ്ദമുള്ള തൊഴിൽ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നു, കൂടാതെ സ്ത്രീകളും തങ്ങളുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി വിവാഹം കഴിക്കുന്നതിനും കുട്ടികൾക്ക് ജന്മം നൽകുന്നതിനും വൈകുന്നു തുടങ്ങിയവയാണ് ജനന നിരക്ക് കുറയുന്നതിന്റെ മറ്റ് കാരണങ്ങളായി വിദഗ്തർ ചൂണ്ടിക്കാട്ടുന്നത്.

2021 ൽ ചൈനയിൽ 1.06 കോടി കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാൽ ഇത് ഈ വർഷം വീണ്ടും കുറഞ്ഞ് ഒരു കോടി ആകുമെന്നാണ് ദേശീയ കമ്മീഷൻ വ്യക്തമാക്കുന്നത്. 1980 മുതൽ 2015 വരെ ഒരു കുഞ്ഞ് നയം ചൈന കർശനമാക്കിയിരുന്നു. എന്നാൽ ജനസംഖ്യാ നിരക്ക് താഴോട്ട് പോയ പശ്ചാത്തലത്തിൽ അധികൃതർ ഇത് ഒഴിവാക്കുകയും ചെയ്തിരുന്നു.

പ്രശ്നത്തെ നേരിടാൻ, ദേശീയ, പ്രവിശ്യാ തലങ്ങളിലെ അധികാരികൾ കഴിഞ്ഞ വർഷം നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ദൈർഘ്യമേറിയ പ്രസവാവധി, മെച്ചപ്പെട്ട മെഡിക്കൽ ഇൻഷുറൻസ്, ഭവന സബ്സിഡികൾ, മൂന്നാമത്തെ കുട്ടിക്ക് അധിക പണം തുടങ്ങിയവയും പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു.