പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ വിവിധ ക്ഷേമ പദ്ധതികൾക്ക് അംഗികാരം നൽകി

0
88

പ്രധാനമന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജനയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങളുടെ വരുമാന ദായക പദ്ധതികൾക്ക് ജില്ലാതല പട്ടികജാതി-പട്ടിക വർഗ വികസന സമിതി യോഗം അംഗീകാരം നൽകി. ജില്ലാ മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, പ്ലാനിംഗ് ഓഫീസർ സാബു സി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അംഗീകാരം ലഭിച്ച പദ്ധതികൾ: പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങൾക്ക് വരുമാനവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടു കൊണ്ടുള്ള പശുവളർത്തൽ പദ്ധതി, ഗോദാനം പദ്ധതി, മത്സ്യ കൃഷി മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി കൂടുതൽ വ്യക്തികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ചെറുകിട മത്സ്യ കൃഷി യൂണിറ്റുകൾ സ്ഥാപിച്ച് മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനായി വിഭാനം ചെയ്തിട്ടുള്ള ഇന്റൻസീവ് ഫാമിംഗ് ഓഫ് ഫ്രഷ് വാട്ടർ ഫിഷസ് പദ്ധതി.

ജില്ലയിലെ പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യംവച്ച് വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകി.ജില്ലയിലെ ജലക്ഷാമം അനുഭവിക്കുന്ന സങ്കേതങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി. വനപ്രദേശങ്ങളിൽ താമസിച്ചു വരുന്ന നൊമാഡിക് മലമ്പണ്ടാര കൂടുംബങ്ങൾക്ക് ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകൾ നൽകൽ. മുളപ്പാലം നിർമാണം, മെഷീൻ വാൾ വിതരണം. പുല്ല്വെട്ട് യന്ത്ര വിതരണം. വിവിധ രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ, വികലാംഗർ തുടങ്ങിയവരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പെട്ടിക്കട നൽകൽ. തയ്യൽ മെഷീൻ വിതരണ പദ്ധതി. തെങ്ങുകയറ്റ യന്ത്രം നൽകൽ.

ജില്ലയിലെ വിവിധ പട്ടികവർഗ സങ്കേതങ്ങളിൽ താമസിച്ചു വരുന്ന പട്ടിക വർഗ കുടുബങ്ങളിലെ വിദ്യാർഥികൾക്ക് പി എസ് സി ഓൺലൈൻ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നതിനും സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനും അപേക്ഷകൾ തയ്യാറാക്കി നൽകുന്നതിനും സേവനങ്ങൾ യഥാസമയം അർഹരായ പട്ടിക വർഗക്കാർക്ക് ലഭ്യമാക്കുന്നതിനും സഹായ കേന്ദ്രങ്ങൾ ആരംഭിക്കൽ. എസ് എസ് എൽ സി മുതൽ പി ജി വരെ പഠിച്ച തൊഴിൽ രഹിതരായ പട്ടിക വർഗ യുവതി, യുവാക്കൾക്കുള്ള പി.എസ്.സി പരിശീലനം, പട്ടിക വർഗ വിഭാഗത്തിലെ യുവതി, യുവാക്കൾക്ക് ഹെവി മോട്ടോർ ലൈസൻസും, ബാഡ്ജും എടുത്തു കൊടുക്കുന്ന പദ്ധതി, ജില്ലയിലെ ഡിഗ്രിയോ അതിനു മുകളിലോ യോഗ്യതയുള്ള തൊഴിൽ രഹിതരായ പട്ടിക വർഗ ഉദ്യോഗാർഥികൾക്ക് സ്ഥിരം തൊഴിൽ ലഭിക്കുന്നത് ലക്ഷ്യമിട്ട് ലീഡ് ബാങ്കുമായി ചേർന്ന് ബാങ്ക് കോച്ചിംഗ് സംഘടിപ്പിക്കൽ, കുറുമ്പൻ മുഴി പട്ടികവർഗ സങ്കേതത്തിലെ രുദ്ര കലാനിലയം വാദ്യമേള ഗ്രൂപ്പിന് വാദ്യോപകരണങ്ങൾ വാങ്ങി നൽകൽ, അഞ്ച് പട്ടികവർഗ കോളനികളിൽ റബ്ബർ ഷെഡ് നിർമിച്ച് റബർ റോളർ മെഷീൻ സ്ഥാപിച്ച് കൊടുക്കൽ, പട്ടിക വർഗ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് ഡ്രൈവിംഗ് പരിശീലനം, നൊമാഡിക് മലമ്പണ്ടാര വിഭാഗത്തിലുള്ളവർക്ക് ഭക്ഷ്യസഹായ പദ്ധതി, വസ്ത്രവിതരണം തുടങ്ങി വിവിധ പദ്ധതികൾക്കാണ് ജില്ലാ തല പട്ടികജാതി പട്ടിക വർഗ വികസന സമിതി യോഗത്തിൽ അംഗീകാരമായത്. പട്ടികവർഗ വിഭാഗക്കാർക്കായി കോർപ്പസ് ഫണ്ടിൽനിന്ന് 45,26,000 രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്.