സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുർബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയിൽ നിന്ന് താനെയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി നൽകിയ ഹർജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമർശം.
ഹർജിക്കാരി സ്ത്രീയായതിനാലും നിയമം സ്ത്രീകളെ ദുർബലവിഭാഗമായി കണക്കാക്കുന്നതിനാലും അവർക്ക് മുൻഗണന കൂടുതൽ നൽകേണ്ടതുണ്ടെന്നും കൂടുതൽ സംരക്ഷണം ആവശ്യമുള്ള സമൂഹത്തിലെ ദുർബല വിഭാഗമാണ് സ്ത്രീകളെന്നുമാണ് കോടതിയുടെ പ്രസ്താവന.
വിവാഹമോചനം നേടിയ ഭർത്താവും യുവതിയും നൽകിയ രണ്ട് ഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ജസ്റ്റിസ് എസ് എം മോദക് ആണ് ഹർജി പരിഗണിച്ചത്. പൂനെ സ്വദേശിയായ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, താനെ കോടതിയിലെ കേസ് പൂനെയിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. നവി മുംബൈ സ്വദേശിനിയായ യുവതി തന്റെ ഹർജി പൂനെ കോടതിയിൽ നിന്ന് താനെയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.
വീട്ടിൽ അമ്മയടക്കം പരിചരണം ആവശ്യമുള്ള മുതിർന്നവരും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും ഉണ്ടെന്നും അതിനാൽ കേസിന് വേണ്ടി താനെയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും യുവാവ് പറഞ്ഞു. തനിക്ക് ജോലിയോ വരുമാനമോ ഇല്ലാത്തതിനാൽ പൂനെയിലേക്ക് പോകാൻ കഴിയില്ലെന്നാണ് യുവതിയുടെ വാദം. അതേസമയം ‘ഭാര്യയുടെ യാത്രാച്ചെലവ് നൽകാൻ ഭർത്താവ് ആത്മാർത്ഥത കാണിച്ചെന്ന്’ ജസ്റ്റിസ് മോദക് നിരീക്ഷിച്ചു. യുവതിയുടെ ആവശ്യം പ്രകാരം കേസ് കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തു.