ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട IS തീവ്രവാദിയെ എഫ്എസ്ബി കസ്റ്റഡിയിലെടുത്തു

0
25

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ചാവേർ തീവ്രവാദിയെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) കസ്റ്റഡിയിലെടുത്തു. തടങ്കലിൽ വച്ചിരിക്കുന്ന ഐ എസ് അംഗം ഇന്ത്യയുടെ ഭരണകക്ഷി നേതാക്കളിൽ ഒരാൾക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എഫ് എസ് ബി പ്രസ്താവനയിൽ പറഞ്ഞു.

‘രാജ്യത്ത് നിരോധിച്ചിട്ടുള്ള അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗത്തെ റഷ്യയിലെ എഫ് എസ് ബി തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. സ്വയം പൊട്ടിത്തെറിച്ച് ഭീകരപ്രവർത്തനം നടത്താൻ പദ്ധതിയിട്ട മധ്യേഷ്യൻ മേഖലയിലെ ഒരു രാജ്യക്കാരനാണ് തടവുകാരൻ. ഇന്ത്യയുടെ ഭരണ വൃത്തങ്ങളുടെ പ്രതിനിധികളിലൊരാൾക്കെതിരെ ആക്രമണം നടത്താനായിരുന്നു ഉദ്ദേശ്യം, റഷ്യൻ ന്യൂസ് ഏജൻസി സ്പുട്നിക് റിപ്പോർട്ട് ചെയ്തു.

എന്നാൽ ആരെയാണ് ആക്രമിക്കാൻ ലക്ഷ്യമിട്ടതെന്ന കാര്യം എഫ് എസ് ബി വ്യക്തമാക്കിയിട്ടില്ല. ഇയാളെ ചാവേറാക്രമണത്തിനായി ഏപ്രിലിനും ജൂണിനുമിടയിൽ ഐ എസ് തുർക്കിയിൽ നിന്നാണ് റിക്രൂട്ട് ചെയ്തതെന്നും എഫ് എസ് ബി കൂട്ടിച്ചേർത്തു. ഇയാൾ ഐ എസിനോട് കൂറ് പുലർത്തുന്നതായി പ്രതിജ്ഞയെടുത്തു.അതിനുശേഷം, റഷ്യയിലേക്ക് പോകാനും ആവശ്യമായ രേഖകൾ ശരിയാക്കാനും ഇന്ത്യയിലേക്ക് എത്തി ഭീകരപ്രവർത്തനം നടത്താനുമുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു എന്ന് പ്രസ്താവനയിൽ പറയുന്നു. ഐ എസ് ഭീകരനെ കസ്റ്റഡിയിലെടുത്ത വിവരം റഷ്യൻ എഫ് എസ് ബി ഇന്ത്യയിലെ ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ ഇതിനെ സാധൂകരിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു വീഡിയോ റിപ്പബ്ലിക് ടി വി പുറത്തുവിട്ടു. അതിൽ കസ്റ്റഡിയിലുള്ള ഒരാൾ ഇന്ത്യയിൽ ആസൂത്രിത ആക്രമണത്തെക്കുറിച്ച് സമ്മതിക്കുന്നത് കാണാം. ഈ വർഷം (2022) എനിക്ക് പ്രത്യേക പരിശീലനം ലഭിച്ചു. ചില ഉത്തരവുകൾ ലഭിച്ചതിന് ശേഷം, ഞാൻ റഷ്യയിലേക്ക് പറന്നു, അവിടെ നിന്ന് ഞാൻ ഇന്ത്യയിലേക്ക് പറക്കേണ്ടതായിരുന്നു.അവിടെ ഒരു ഭീകരാക്രമണം നടത്താൻ ആവശ്യമായ എല്ലാ പിന്തുണയും എനിക്ക് ലഭിക്കുമെന്ന് കരുതി. ഞാൻ ഇന്ത്യയിൽ ഒരാളെ കാണേണ്ടതായിരുന്നു. പ്രവാചകനെ അപമാനിച്ചതിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ഞാൻ പ്രവർത്തിക്കുകയായിരുന്നു, എന്ന് ഇയാൾ പറയുന്നു.