എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അമ്മയുടെ രഹസ്യബന്ധം നേരിട്ടുകണ്ടതിന്റെ പേരിൽ

0
89

എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കശാപ്പുകാരന്‍ അറസ്റ്റില്‍. റിസ്വാന്‍ എന്ന ബാദ്‍‌ഷാ (36) ആണ് പിടിയിലായത്. മധ്യ ഡല്‍ഹിയിലെ യമുന ഖാദര്‍ ഭാഗത്തെ വനപ്രദേശത്താണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു. അമ്മയുടെ രഹസ്യബന്ധം നേരിട്ടുകണ്ടതിന്റെ പേരിലാണ് പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

ഓഗസ്റ്റ് നാലിനും അഞ്ചിനും ഇടയിലെ രാത്രിയിലായിരുന്നു സംഭവം. ഭാര്യയ്ക്കും നാലു മക്കള്‍ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു ഗൃഹനാഥന്‍. പുലര്‍ച്ചെ നാലു മണിയോടെ എഴുന്നേറ്റു നോക്കിയപ്പോള്‍ പെണ്‍കുട്ടികളിലൊരാളെ കാണാനില്ലായിരുന്നു. അയല്‍പക്കത്തു തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിരച്ചിലിനൊടുവില്‍ ഓഗസ്റ്റ് 18ന് പെണ്‍കുട്ടിയുടെ മൃതദേഹം, നിറയെ മുറിവുകളോടെ യമുന ഖാദര്‍ പ്രദേശത്തു കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എഫ്‌ഐആറില്‍ കൊലപാതകം, പോക്സോ വകുപ്പുകളും ചേര്‍ത്തു. 50 പൊലീസുകാരുടെ സംഘമാണ് കേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തിയതെന്നു ഡിസിപി (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു.