രോഗിയുടെ ഓപ്പറേഷന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ വിജിലന്‍സ് പിടികൂടി

0
100

രോഗിയുടെ ഓപ്പറേഷന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ വിജിലന്‍സ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സര്‍ജന്‍ ഡോ.എം.എസ്. സുജിത് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിയില്‍ നിന്നും ഹെര്‍ണിയ ഓപ്പറേഷന് 5000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ഓപ്പറേഷന് മുന്‍പ് രോഗിയെ വീട്ടില്‍ വിളിച്ചു വരുത്തുകയും കണ്‍സള്‍ട്ടേഷന്‍ റൂമില്‍ വച്ച്‌ 2000 രൂപ കൈപ്പറ്റുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വിജിലന്‍സ് കൈക്കൂലിക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഈ മാസം 18 ന് ഓപ്പറേഷന്‍ നടത്തിയ ശേഷം ആണ് വിജിലന്‍സ് നാടകീയ നീക്കങ്ങള്‍ നടത്തിയത്.

ഓപ്പറേഷന് പിന്നാലെ പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ വിശ്രമത്തിലിരിക്കെ രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.

കൈക്കൂലി വീണ്ടും ആവശ്യപ്പെട്ടതോടെ ഡോക്ടറെ കെണിയില്‍ വീഴ്ത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം ഡോക്ടര്‍ക്ക് കൈമാറാന്‍ വിജിലന്‍സ് തന്നെ രോഗിയുടെ മകന് പണം കൈമാറി. ഇന്ന് ഡോക്ടറുടെ വീട്ടില്‍ വച്ച്‌ 3000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് സുജിത് കുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു.

കോട്ടയം വിജിലന്‍സ് എസ്.പി പി.ജി. വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി പിവി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനായി ഡോക്ടറെ വിജിലന്‍സ് സംഘം കൊണ്ടുപോയി. നേരത്തെ എംജി സര്‍വകലാശാലയിലും സമാനമായ കൈക്കൂലി കേസ് വിജിലന്‍സ് പിടികൂടിയിരുന്നു. പരീക്ഷയില്‍ ജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് കൈക്കൂലി വാങ്ങിയത്.