പാറമട കുളത്തില്‍ കുളിച്ച ദളിത് കുടുംബത്തെ പാറമട ഉടമ ആക്രമിച്ചു

0
47

പാറമട കുളത്തില്‍ കുളിച്ച ദളിത് കുടുംബത്തെ പാറമട ഉടമ ആക്രമിച്ചു. മുടക്കുഴ ചുണ്ടക്കുഴി കാഞ്ഞിരക്കോട് എസ്സി കോളനിയിലെ കാഞ്ഞിരക്കോട് വീട്ടില്‍ പി സി രതീഷ് (36), ഭാര്യ പി ബി ശാലു (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനി രാത്രി 7.30ന് കുളിച്ചുകൊണ്ടിരിക്കുമ്ബോള്‍ പാറമട ഉടമ ചുണ്ടക്കുഴി തടികുളങ്ങര വര്‍ഗീസ് വടിയുമായെത്തി ആക്രമിച്ചെന്നാണ് പരാതി. രതീഷിനെ ആക്രമിക്കുന്നത് തടയാനെത്തിയ ശാലുവിനെ മര്‍ദിച്ചശേഷം മാലയും പൊട്ടിച്ചു. കോടനാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്സി കോളനിയിലെ 20 കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കുളമാണിത്.

ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയവും പാറമട കുളമാണ്. സംഭവത്തില്‍ പട്ടികജാതി ക്ഷേമസമിതി പെരുമ്ബാവൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ദളിത് കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കുകയും എസ്സി പ്രൊമോട്ടര്‍കൂടിയായ ശാലുവിന്റെ കൈയില്‍ കടിച്ച്‌ ആഴത്തില്‍ മുറിവ് ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പെരുമ്ബാവൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുല്‍ കരീം, മുടക്കുഴ ലോക്കല്‍ സെക്രട്ടറി കെ വി ബിജു എന്നിവര്‍ ഇരുവരെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.