ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് രക്ഷപെടാന്‍ പ്രധാനമായും നല്‍കുന്ന നിര്‍ദേശമാണ് ഒ.ടി.പി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാല്‍, ഒ.ടി.പി പോലും നല്‍കാതെ പണം നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ഫുജൈറയില്‍ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എന്‍ജിനീയര്‍. ഇദ്ദേഹം നാട്ടിലായിരുന്ന സമയത്ത് 35,394 ദിര്‍ഹമാണ് (ഏഴ് ലക്ഷം രൂപ) ഒറ്റയടിക്ക് തട്ടിപ്പുകാര്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് വലിച്ചത്. താന്‍ പിന്‍വലിക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് ഇദ്ദേഹം. ഫുജൈറ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മാസം 12ന് ഉച്ചയോടെ പത്ത് ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ നിന്ന് ഇത്തിസാലാത്തിന്‍റെ ക്യൂക്ക് പേയിലേക്ക് പിടിച്ചതായി മെസേജ് വന്നിരുന്നു. ഇത് കാര്യമാക്കിയില്ല. ഇതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞതോടെയാണ് 35,394 ദിര്‍ഹം അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. എന്നാല്‍, പണം നഷ്ടമായതായി ഇ-മെയിലോ എസ്.എം.എസോ ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് ക്രെഡിറ്റ് കാര്‍ഡ് േബ്ലാക്കായപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് വെബ്സൈറ്റായ നൂണ്‍ ഡോട്കോം വഴി ഐ ഫോണ്‍ വാങ്ങിയതായി സ്റ്റേറ്റ്മെന്റില്‍ കാണിക്കുന്നുണ്ട്. ബിസിനസ് ബേയിലാണ് ഫോണ്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ആരാണ് ഫോണ്‍ വാങ്ങിയിരിക്കുന്നത് എന്ന വിവരം ഇവര്‍ വ്യക്തമാക്കുന്നില്ല. പൊലീസ് അന്വേഷണത്തില്‍ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ബാക്കി തുക ക്രിപ്റ്റോ കറന്‍സിയായി മാറ്റുകയായിരുന്നു. ബാങ്കില്‍ പരാതി അറിയിച്ചെങ്കിലും അവിടെ നിന്ന് ഒ.ടി.പി അയച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഫോണില്‍ ഒ.ടി.പി എത്തിയിട്ടുമില്ല. എന്നിട്ടും എങ്ങിനെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമല്ല.
ഇക്കാര്യം സൂക്ഷിക്കാം:
ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിന്‍റെ ലിമിറ്റ് പരമാവധി കുറക്കണമെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇദ്ദേഹം പറയുന്നത്.
ടിക്കറ്റ് എടുക്കാനും അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.
നാട്ടില്‍ പോകുന്ന സമയത്ത് ക്രെഡിറ്റ് കാര്‍ഡ് താല്‍കാലികമായി േബ്ലാക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്, ഇത് ഉപയോഗപ്പെടുത്തുക.
നാട്ടിലാണെങ്കിലും ഇടക്കിടെ നെറ്റ് ബാങ്കിങ് പരിശോധിക്കുക.
പര്‍ച്ചേസുകള്‍ക്ക് മാത്രമായി ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് ചെയ്യാന്‍ കഴിയും.
പരിചയമില്ലാത്ത സ്ഥലങ്ങളിലും വെബ്സൈറ്റുകളിലും ക്രെഡിറ്റ് കാര്‍ഡ് നല്‍കാതിരിക്കുക.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പുറത്തു നല്‍കാതിരിക്കുക.
ചെറിയ തുക പിന്‍വലിച്ചതായി മെസേജ് വന്നാല്‍ പോലും ഉടന്‍ ബാങ്കിനെ വിവരം അറിയിക്കുക.
അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാന്‍ ഉടന്‍ കാര്‍ഡ് േബ്ലാക്ക് ചെയ്യുക.
നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന ഫോണില്‍ അനാവശ്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നു.