ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നീക്കം

0
79

ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ രണ്ടാം ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പരാമർശങ്ങൾ അതിജീവിതയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ്. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കുന്നതല്ല. വസ്തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും ഹർജിയിലുണ്ട്.

ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒന്നാമത്തെ ലൈംഗിക പീഡനക്കേസിലും സമാനമായ ഹർജി സർക്കാർ ഹൈക്കോടതിയിൽ നൽകിയിരുന്നു. അതേസമയം, ജാമ്യം നല്‍കിയത് ചോദ്യംചെയ്ത് ദലിത് യുവതിയായ അതിജീവിത നല്‍കിയ അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ് അയച്ചു. ജാമ്യം അനുവദിച്ച് നൽകിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശമുണ്ടെന്നും അതിജീവിത കോടതിയെ ബോധിപ്പിച്ചു. പരാതി വൈകിയത് അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദം മൂലമെന്നും അതിജീവിത പറയുന്നു.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. പീഡന പരാതി നൽകിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നെന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണൻ കുമാർ പറഞ്ഞത്. സിവിക് ചന്ദ്രൻ ഹാജരാക്കിയ ചിത്രങ്ങളിൽനിന്ന് ഇതു വ്യക്തമാണെന്നും ആരോപിക്കുന്നതു പോലെ 354 എ വകുപ്പ് നിലനിൽക്കില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.