ബീഹാറിലെ ഹോട്ടലില്‍ ഗുണ്ടാസംഘത്തിന്റെ വ്യാജ പൊലീസ് സ്റ്റേഷന്‍. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എട്ട് മാസത്തോളമാണ് ഇവര്‍ ഈ വ്യാജ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിച്ചത്. പോലീസുകാരെന്ന വ്യാജേന 100 കണക്കിന് ആള്‍ക്കാരില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുക്കുകയും ചെയ്തു.
പ്രദേശത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് സംഘം വ്യാജ പൊലീസ് സ്റ്റേഷന്‍ നടത്തിയിരുന്നത്. യൂണിഫോമും ബാഡ്ജും തോക്കുകളും ആവശ്യമുള്ളതെല്ലാം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയവരില്‍ നിന്ന് ഇവര്‍ പണം വാങ്ങാറുണ്ടായിരുന്നു. ഇവര്‍ക്ക് പോലീസില്‍ ജോലിയും വാഗ്ദാനം ചെയ്തു. എന്നാല്‍ ചില വ്യാജ പൊലീസുകാര്‍ സര്‍വീസ് റിവോള്‍വറിന് പകരം പ്രാദേശിക തോക്കുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ‘ഒറിജിനല്‍’ പൊലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും സംഘത്തെ പിടികൂടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലവന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പിടിയിലായവരില്‍ നിന്ന് തോക്കുകള്‍, നാല് യൂണിഫോമുകള്‍, ബാങ്ക് ചെക്ക് ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.