പി.എസ്‌.സി നിയമനം സമയബന്ധിതമായി നടത്താന്‍ ശാസ്ത്രീയ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി

0
112

പി.എസ്‌.സി നിയമനം സമയബന്ധിതമായി നടത്താന്‍ ശാസ്ത്രീയ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പി.എസ്‌.സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരാള്‍ വിരമിക്കുന്നത് എപ്പോഴെന്ന് സര്‍വീസില്‍ ചേരുമ്ബോഴേ അറിയാം. കൃത്യമായ സംവിധാനമുണ്ടായാല്‍ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തശേഷം അപേക്ഷ ക്ഷണിക്കുന്ന രീതി ഒഴിവാക്കാം. അതിനാവശ്യമായ സംവിധാനമൊരുക്കും. ഇത് നിലവില്‍ വരുന്നതോടെ ഓരോ വര്‍ഷവും പിരിയുന്നവരുടെ എണ്ണത്തിനനുസരിച്ച്‌ റിക്രൂട്ടിംഗ് നടത്താന്‍ പി.എസ്‌.സിക്കാകും.

കേരള പി.എസ്.സി. യില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അചഞ്ചലമായ വിശ്വാസമാണുള്ളത്. അഴിമതി നടത്താത്ത ജീവനക്കാരാണ് പി.എസ്.സിയുടെ പൊതുസ്വീകാര്യതയുടെ അടിസ്ഥാനം ആറ് വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തോളം നിയമന ഉത്തരവാണ് പി.എസ്‌.സി മുഖേന നല്‍കിയത്. 30,​000 അധിക തസ്തികകളും സൃഷ്ടിച്ചു. കൊവിഡിനിടയിലും 29,000 നിയമനങ്ങള്‍ നടത്തി.

കഴിഞ്ഞ വര്‍ഷം യു.പി.എസ്‌.സി ആകെ നടത്തിയത് 4,119 നിയമനം മാത്രമാണ്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ നികത്തുന്നതില്‍ കേന്ദ്രത്തിന്റെ നയമല്ല സംസ്ഥാനത്തിനുള്ളത്. പൊതുഖജനാവില്‍ നിന്ന് വേതനം പറ്റുന്ന തസ്‌തികകള്‍ പി.എസ്‌.സിക്ക് വിടണമെന്ന പൊതുവികാരമുണ്ട്. പി.എസ്‌.സിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ട്. ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങള്‍ താനേ കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.