വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടം

0
82

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടം. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് സ്ഥിതി രൂക്ഷം.

ഹിമാചലിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും 19 പേര്‍ മരിച്ചു . 9 പേര്‍ക്ക് പരിക്കേറ്റു. കാണാതായ ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ഡി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കാന്‍കര ജില്ലയില്‍ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയില്‍ പാലം പൂര്‍ണമായും തകര്‍ന്നു.ജില്ലയിലെ ഒട്ടേറെ റോഡുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തില്‍ സര്‍ ഖേതില്‍ ഗ്രാമം വെള്ളത്തിനടിയിലായി. ഗ്രാമത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. തമസാ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

അതേസമയം, ജമ്മു കശ്മീരിലെ ഉധം പൂരില്‍ വീടിന് മുകളിേലക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ദുരന്ത നിവാരണ സേന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഇതിനിടെ ഗംഗ, യമുന നദികളില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നുണ്ട്.