മധ്യ പ്രദേശിൽ വയോധികനെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ചു; വാർത്ത പുറത്തെത്തിച്ച മൂന്നു പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

0
75

മധ്യ പ്രദേശിൽആംബുലന്‍സ് ലഭിക്കാത്തതിനെതുടര്‍ന്ന് വയോധികനെ കുടുംബം ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിക്കേണ്ടിവന്ന സംഭവം പുറത്തെത്തിച്ച മൂന്നു പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്. വഞ്ചന, വിദ്വേഷം വളര്‍ത്തുക, ഐ.ടി ആക്‌ട് തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തത്.

ഭിന്ദ് ജില്ലയിലെ ലഹാറിലാണ് സംഭവം. കുഞ്ച്ബിഹരി കൗരവ്, അനില്‍ ശര്‍മ, എന്‍.കെ. ഭട്ടേലെ എന്നിവര്‍ക്കെതിരെയാണ് കേസ്. റിപ്പോര്‍ട്ട് തെറ്റും വസ്തുതാവിരുദ്ധവുമായിരുന്നെന്ന് എഫ്‌ഐആര്‍ പറയുന്നു. ദാഭോ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസറാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കിയത്.

എന്നാല്‍, റിപ്പോര്‍ട്ട് സത്യമാണെന്നും തങ്ങള്‍ അനുഭവിച്ച ദുരിതം യാഥാര്‍ത്ഥ്യമാണെന്നും വെളിപ്പെടുത്തി വാര്‍ത്തയില്‍ പറയുന്ന കുടുംബം രംഗത്തെത്തി. അഞ്ച് കിലോമീറ്ററാണ് രോഗിയായ വയോധികനെ ഉന്തുവണ്ടിയില്‍ കിടത്തി തള്ളേണ്ടി വന്നതെന്നും കുടുംബം പറയുന്നു.

വയോധികനെ ആദ്യം എത്തിച്ചത് സ്വകാര്യ ആശുപത്രിയിലേക്കാണെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്കല്ലെന്നുമാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ല കലക്ടര്‍ രൂപീകരിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. കുടുംബം ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണ സമിതി ന്യായീകരിക്കുന്നു.

എന്നാല്‍ ഫോണ്‍ വിളിച്ചിട്ടും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് കിലോമീറ്ററോളം ഉന്തുവണ്ടിയില്‍ കൊണ്ടു പോവേണ്ടിവന്നതെന്ന് മകന്‍ ഹരികൃഷ്ണയും മകള്‍ പുഷ്പയും പറഞ്ഞു.