അതിദരിദ്രരെ അതിവേഗം കണ്ടെത്തിയ കോട്ടയം ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം

0
74

സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി നടപ്പാക്കിയ പദ്ധതിക്കായി അതിവേഗം ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തിയ കോട്ടയം ജില്ലയ്ക്ക് ഭരണനിർവഹണത്തിനുള്ള ദേശീയ പുരസ്‌കാരം. രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരമായ ‘സ്‌ക്കോച്ച്’ അവാർഡിനാണ് ജില്ലാ ഭരണകൂടം അർഹമായത്.
രാജ്യാന്തര പ്രശസ്തരായ സ്വതന്ത്ര സംഘടന സ്‌ക്കോച്ച് ഗ്രൂപ്പ് ദേശീയതലത്തിൽ പുരസ്‌കാരം നൽകുന്നത്. കേരളത്തിൽനിന്നു കോട്ടയത്തിനു മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. ദേശീയതലത്തിൽ ഇരുനൂറിലധികം നാമനിർദേശങ്ങളിൽ നിന്നാണ് ജില്ലയെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം കോർപറേഷൻ, എറണാകുളം ജില്ല, സൂററ്റ്സിറ്റി പൊലീസ്, കച്ചാർ, ഉന്നാവ് ജില്ലാഭരണകൂടങ്ങൾ തുടങ്ങി അറുപതോളം നാമനിർദേങ്ങളിൽനിന്നാണ് വിദഗ്ധരടങ്ങിയ ജൂറി കോട്ടയത്തെ തിരഞ്ഞെടുത്തത്.

സംസ്ഥാന സർക്കാരിന്റെ അതിദരിദ്രരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായിരുന്നു കോട്ടയം. ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ആദ്യഘട്ടംമുതൽ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ പ്രകൃതിക്ഷോഭമടക്കമുള്ള വെല്ലുവിളികളെ മറികടന്നാണ് സമയബന്ധിതമായി അതിദാരിദ്ര്യ നിർണയപ്രക്രിയ ജില്ല പൂർത്തീകരിച്ചത്.

ജനകീയാസൂത്രണം കഴിഞ്ഞാൽ ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ നടത്തിയ പ്രകിയയായിരുന്നു അതിദരിദ്രരെ കണ്ടെത്തൽ. വിവിധ ഘട്ടങ്ങളിലായി ജില്ലയിൽ മൂന്നു ലക്ഷം പേർ ഇതിൽ പങ്കാളികളായി. പ്രക്രിയ കുറ്റമറ്റതാക്കാൻ 25000 പേർക്കാണ് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. സ്ഥിരമായി വാസസ്ഥലമില്ലാത്തവർ ഉൾപ്പെടെ അർഹരായവരെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു ഉറപ്പുവരുത്താനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ‘രാത്രിനടത്തം’ അടക്കം സംഘടിപ്പിച്ചു. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ നോഡൽ ഓഫീസർ പി.എസ്. ഷിനോ, കില ഫെസിലിറ്റേറ്റർ ബിന്ദു അജി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. നാലുമാസംകൊണ്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനത്തിലൂടെ ജില്ലയിൽ 1071 അതിദരിദ്രരെ കണ്ടെത്താനായി. തുടർന്ന് അതിദരിദ്രർക്കുള്ള സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ചുവരികയാണ്. സൂക്ഷ്മ പദ്ധതികളിലൂടെ അതിദാരിദ്ര്യത്തിൽ നിന്ന് ജില്ലയെ പൂർണമായും മോചിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഓൺലൈനായി നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, ജില്ലാ നോഡൽ ഓഫീസറായ പി.എ.യു. പ്രോജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

വിവിധ വികസന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ജില്ലയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഒറ്റക്കെട്ടായി ഒരേ മനസോടെ നടത്തിയ മികച്ച പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.