മഞ്ചേശ്വരത്ത് ഹോസങ്കടിയില്‍ വന്‍ ക്ഷേത്ര കവര്‍ച

0
106

മഞ്ചേശ്വരത്ത് ഹോസങ്കടിയില്‍ വന്‍ ക്ഷേത്ര കവര്‍ച. കവര്‍ച ചെയ്ത പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഡിവൈഎസ്‌പി വി വി മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ഹൊസങ്കടിയിലെ അയ്യപ്പ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ പഞ്ചലോഹ വിഗ്രഹവും വെള്ളിയില്‍ തീര്‍ത്ത പ്രഭാവലയവും രണ്ട് ഭണ്ഡാരങ്ങളുമാണ് കവര്‍ന്നത്. കവര്‍ച ചെയ്ത വസ്തുക്കള്‍ കുറ്റിക്കാട്ടില്‍ വച്ച്‌ പൊളിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഭയന്ന് പിന്മാറി എന്നാണ് പൊലീസിന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ലക്ഷക്കണക്കിന് സ്വാമിമാര്‍ക്ക് മാലയിട്ട് നല്‍കിയ ക്ഷേത്രത്തിലെ സ്വാമിയെ ചുമക്കാനുള്ള ശക്തി കള്ളന്മാര്‍ക്ക് ഇല്ല എന്നാണ് ഒരു വിശ്വാസി പറഞ്ഞത്. മാത്രമല്ല സ്വാമി കള്ളന്മാരുടെ മനസ്സില്‍ പാകിയ ഭയം ആണ് വിഗ്രഹവും മറ്റു വസ്തുക്കളും ഉപേക്ഷിച്ച്‌ കടന്നു കളയാന്‍ കാരണമായതെന്നും പലരും വിശ്വസിക്കുന്നു.

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച ചെയ്ത വിവരം കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും കാസര്‍കോട് നിന്നെത്തിയ വിരലടയാള വിദഗ്ദരും പൊലീസ് നായയും രാസപരിശോധന വിദഗ്ദരും പരിശോധന തുടരുകയാണ്. സ്വര്‍ണമാണെന്ന് കരുതിയാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കെത്തിയതെന്നാണ് പൊലീസ് നിഗമനം. പഞ്ചലോഹം വിറ്റഴിക്കാന്‍ പ്രയാസമാണെന്ന് കരുതിയായിരിക്കാം ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

മുന്‍ ക്ഷേത്ര കവര്‍ചക്കാരെ കേന്ദ്രീകരിച്ചും മറ്റുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവൈഎസ്‌പി വി വി മനോജ് പറഞ്ഞു.