ഓണത്തിന് വിപുലമായ വിപണന മേളകളുമായി കുടുംബശ്രീ

0
67

ഓണാഘോഷം സമൃദ്ധമാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ വിപണന മേളകള്‍ വരുന്നു. ഓണം ഉത്സവ് ജില്ലാതല വിപണന മേള സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടക്കും. ഇതോടൊപ്പം ജില്ലയിലെ 58 ഗ്രാമ – നഗര സിഡിഎസുകളിലും ഓണച്ചന്തകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കും. പന്തളം തെക്കേക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ മുഴുവന്‍ സംരംഭകരെയും കുടുംബശ്രീ അംഗങ്ങളെയും സംഘകൃഷി ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ഓണം ട്രേഡ് ഫെസ്റ്റ് നടത്തും. ഇതിനു പുറമേ സെപ്റ്റംബര്‍ ഒന്നു മുതല്‍ 19 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന പത്തനംതിട്ട ഓണം ഫെസ്റ്റിലും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും.

ഉത്പന്ന കാര്‍ഷിക വിപണന മേളയില്‍ ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ ഉത്പാദിപ്പിച്ച പലതരം അച്ചാറുകള്‍, കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, നാടന്‍ പുളി, വെളിച്ചെണ്ണ, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാര്‍ ചെയ്ത ചിപ്സ്, ശര്‍ക്കര വരട്ടി, കളിയടയ്ക്ക, പലഹാരങ്ങള്‍, മുറം, ദോശകല്ല,് തവ, മണ്‍വെട്ടി, തൂമ്പ മുതലായവയും, ഗുണമേന്മയില്‍ മികവു പുലര്‍ത്തുന്ന ബാഗുകള്‍, തുണിത്തരങ്ങള്‍, ലോഷനുകള്‍, സോപ്പുകള്‍, പച്ചക്കറികള്‍, വിവിധയിനം പച്ചക്കറി തൈകളും വിത്തുകളും, വളം, ഗ്രോ ബാഗ്, കരകൗശല ഉത്പന്നങ്ങള്‍, ഇരവിപേരൂര്‍ റൈസ് തുടങ്ങി എല്ലാവിധ സാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് മൂവായിരത്തോളം വരുന്ന കുടുംബശ്രീ സംരംഭകര്‍ക്കും, കൃഷി, സംഘകൃഷി ഗ്രൂപ്പുകള്‍ക്കും പരമാവധി പിന്തുണയേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപണന മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ പറഞ്ഞു.