കേരളം വിദ്യാഭ്യാസപരമായി വലിയൊരു വിപ്ലവത്തിലൂടെയാണു കടന്നു പോകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറിയതോടെ ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഇവിടേക്ക് എത്തുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയും നിര്‍വഹണത്തിലൂടെയുമാണു മികച്ച നിലവാരത്തിലേക്കു വിദ്യാലയങ്ങള്‍ ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു. പഠനത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങായ ‘ആകാശ മിഠായി – സീസണ്‍ 2 ‘ ഏലൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അധ്യയനവര്‍ഷത്തില്‍ അക്കാദമിക നിലവാരം കൂടുതല്‍ ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലിംഗ തുല്യത, ലിംഗ നീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തി പാഠപുസ്തകങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടും. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ ചിന്തയ്ക്കും ഊന്നല്‍ നല്‍കും. രണ്ടു വര്‍ഷത്തിനുള്ളില്‍ കരിക്കുലം പരിഷ്‌ക്കരിക്കും. ജെന്‍ഡര്‍ യൂണിഫോമിന്റെ കാര്യത്തിലും മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ഒരു നിര്‍ബന്ധവും ചെലുത്തുന്നില്ല. സ്വമേധയായുള്ള സ്‌കൂളുകളുടെ തീരുമാനവും പി.ടി.എ യുടേയും തദ്ദേശ ഭരണ സ്ഥാപനത്തിന്റേയും അനുവാദം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കില്ല.
നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് മുഖേന കളമശേരി നിയോജക മണ്ഡലത്തില്‍ കൗശല്‍ കേന്ദ്രം ആരംഭിക്കും. ആധുനിക നൈപുണ്യ കോഴ്‌സുകളിലൂടെ പുതിയ കോഴ്‌സുകളും സാധ്യതകളും മനസിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കും.
കേരളത്തില്‍ എം.എല്‍.എ മുന്‍കൈ എടുത്ത് സ്‌കൂള്‍ കുട്ടികള്‍ക്കു പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന ആദ്യ മണ്ഡലമാണ് കളമശേരി. മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രി പി.രാജിവിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളെ ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രത്യേകം പ്രശംസിച്ചു.
മികവാര്‍ന്ന രീതിയിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കോവിഡ് മഹാമാരിയിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുടക്കമില്ലാതെ അധ്യയനം നടത്താന്‍ സാധിച്ചത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വ മികവു കൊണ്ടാണെന്നും നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഒപ്പം പദ്ധതിയിലൂടെ 7000 പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു, കൃഷിക്കൊപ്പം കളമശേരി പദ്ധതിയിലൂടെ 150 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. യുവതയ്‌ക്കൊപ്പം കളമശേരി പദ്ധതി ഒക്ടോബറില്‍ ആരംഭിക്കും. ഗ്രന്ഥശാലയ്‌ക്കൊപ്പം പരിപാടിയിലൂടെ മണ്ഡലത്തിലെ ലൈബ്രറികള്‍ ഡിജിറ്റലൈസ് ചെയ്യമെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കു പ്രഭാത ഭക്ഷണം സൗജന്യമായി നല്‍കുന്ന പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ആകാശ മിഠായി. കളമശേരി, ഏലൂര്‍ നഗരസഭകളിലേയും ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, കുന്നുകര പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്. എസ്.എസ്.എല്‍.സി യില്‍ എ പ്ലസ് നേടിയ 418 വിദ്യാര്‍ഥികള്‍, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ 360 വിദ്യാര്‍ഥികള്‍, നൂറു ശതമാനം വിജയം നേടിയ 19 സ്‌കൂളുകള്‍, വിവിധ പരീക്ഷകളില്‍ ഉന്നത വിജയവും ഡോക്ടറേറ്റ് നേടിയ 9 പേരെയും ചടങ്ങില്‍ ആദരിച്ചു.
യോഗത്തില്‍ ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി സുജില്‍, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാനു, എലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ലീല ബാബു, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി രാജേഷ്, കൗണ്‍സിലര്‍ അംബിക ചന്ദ്രന്‍, വിദ്യാഭാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജെ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.