Thursday
1 January 2026
21.8 C
Kerala
HomeWorldസൊമാലിയയിലെ പ്രശസ്ത ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 പേര്‍

സൊമാലിയയിലെ പ്രശസ്ത ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 പേര്‍

സൊമാലിയയിലെ പ്രശസ്ത ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 പേര്‍. രാജ്യത്തെ സജീവ ഭീകരസംഘടനയായ അല്‍ ഷബാബാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ അല്‍-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണെന്നാണ് സൂചന. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.

ഹോട്ടല്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശമാകെ സൈന്യം വളഞ്ഞിട്ടുണ്ടെങ്കിലും ഭീകരരെ ഇതുവരെ കീഴ്‌പ്പെടുത്താനായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ഹയാത്ത് ഹോട്ടലിലേക്കുള്ള വഴി കാര്‍ ബോംബ് ഉപയോഗിച്ച്‌ ഭീകരര്‍ തകര്‍ത്തിരുന്നു. വഴി തടഞ്ഞതിന് ശേഷമായിരുന്നു ഭീകരര്‍ ഹോട്ടലില്‍ കയറി അവിടെയുണ്ടായിരുന്നവരെ വെടിവെച്ച്‌ വീഴ്‌ത്തിയത്. തീവ്രവാദികളില്‍ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്. ഹോട്ടലിന്റെ ഒട്ടുമിക്ക ഭാഗങ്ങളും സൈന്യവുമായുള്ള പോരാട്ടത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഏതാണ്ട് 10 വര്‍ഷത്തിലേറെയായി സൊമാലിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് അല്‍ ഷബാബ് ഭീകരര്‍. ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുകയാണ് അല്‍ ഷബാബിന്റെ ലക്ഷ്യം. കഴിഞ്ഞ മെയ് മാസത്തില്‍ സൊമാലിയയുടെ പുതിയ പ്രസിഡന്റായി ഹസന്‍ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ച നടന്നത്.

സാധാരണക്കാരേക്കാള്‍ ഉപരി രാജ്യത്തെ നിയമനിര്‍മ്മാതാക്കളും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്നുചേരുന്ന സുപ്രധാന ഇടമായിരുന്നു ഹയാത്ത് ഹോട്ടല്‍. അതുകൊണ്ട് കൂടിയാണ് ഇവിടെ തന്നെ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 പേര്‍ ആരെല്ലാമാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രമുഖരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന.

RELATED ARTICLES

Most Popular

Recent Comments