പാലക്കാട് കഞ്ചിക്കോടിനു സമീപം വല്ലടിയിൽ വീണ്ടും കാട്ടാനയിറങ്ങി. ജനവാസ മേഖലയിൽ ആണ് കാട്ടാന ഇറങ്ങിയത്. ആനയെ കാടു കയറ്റാൻ ശ്രമം തുടരുകയാണ്. പുലർച്ചെയാണ് ജനവാസ മേഖലയിൽ ആനയെ കണ്ടത്. ബഹളം വച്ചും പാട്ട കൊട്ടിയും ആനയെ കാട് കയറ്റാൻ ആണ് ശ്രമം
മൂന്നാർ എസ്റ്റേറ്റ് മേഖലയിലും കാട്ടാന ശല്യം . ഗുണ്ടുമലയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കഴിഞ്ഞ രാത്രി 10 മണിയോടെയാണ് ഗുണ്ടമല എസ്‌റ്റേറ്റിൽ ബോസ് എന്ന തൊഴിലാളിയുടെ വീട് കാട്ടാനകൾ തകർത്തത്. കുട്ടിയാനയ്ക്കൊപ്പമെത്തിയ ആന , ബോസും കുടുംബവും കിടന്നിരുന്ന വീടിന്റെ ജനാലകൾ തകർത്ത് തുമ്പികൈ അകത്തേക്കിട്ടു. ഉറക്കത്തിനിടെ പെട്ടെന്നുണർന്ന ബോസ് ഭാര്യയും കുട്ടിയുമായി അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച ആനയെ നാട്ടുകാർ ബഹളം വെച്ച് അവിടെ നിന്ന് ഓടിക്കുകയായിരുന്നു. മൂന്നാർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഒന്നും -പതിനേഴും ഉൾപ്പെടുന്ന വാർഡാണ് ഗുണ്ടുമല. 60 കുടുംബങ്ങളിലായി 150 ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. മൊബൈൽ കവറേജ് ലഭിക്കാത്തതിനാൽ അപകടങ്ങൾ സംഭവിച്ചാൽ അത് മറ്റുള്ളവരെ അറിയിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളവരുടേത്.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ കുട്ടിക്കൊമ്പനുമായി എത്തിയ കാട്ടാനകൾ കന്നുകാലികൾക്കായി സൂക്ഷിച്ചിരുന്ന കാലിത്തീറ്റ അകത്താക്കിയാണ് മടങ്ങിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എത്തുന്ന ആനകളെ തുരത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.