സിംബാബ്‌വെയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ

0
48

ഇന്ന് നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ സിംബാബ്‌വെയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യൻ പേസർ ദീപക് ചാഹർ മികച്ച പ്രകടനത്തിലൂടെ സിംബാബ്‌വെയെ തുടക്കത്തിൽ തന്നെ എറിഞ്ഞിട്ടിരുന്നു. ഇതുവഴി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ചാഹർ.

രണ്ടാമതുള്ള ബാറ്റിങ്ങിൽ പതിവുപോലെ ഓപ്പണർമാർ അവരുടെ സ്ഥിരത നിലനിർത്തി. ആറ് മാസത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ടീമിനായി ജേഴ്‌സി അണിഞ്ഞ്, ചാഹർ 3/27 എന്ന കണക്കുകളുമായി ഇന്ത്യൻ ബോളർമാരിൽ മുന്നിട്ടുനിന്നു.

ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെയെ വെറും 40.3 ഓവറിൽ 189 എന്ന നിലയിൽ പരിമിതപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ വിജയം പാതി ഉറപ്പാകുകയായിരുന്നു. വളരെ കുറഞ്ഞ സ്‌കോർബോർഡ് മാത്രം മുന്നിൽ നിൽക്കുന്നതിനാൽ ഫോമിലുള്ള ഓപ്പണിംഗ് ജോഡികളായ ശിഖർ ധവാനും (പുറത്താകാതെ 81) ശുഭ്മാൻ ഗില്ലും (പുറത്താകാതെ 82) വെറും 30.5 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ മത്സരത്തോടെ ധവാനും ഗില്ലും കഴിഞ്ഞ നാല് കളികളിൽ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ടാണ് നേടിയത് . നേരത്തെ വെസ്റ്റ് ഇൻഡീസ് പരമ്പരയുടെ തുടക്കം മുതലുള്ള അവരുടെ മൂന്നാമത്തെ സെഞ്ച്വറി കൂട്ടുകെട്ട് കൂടിയായിരുന്നു അത്. 113 പന്തുകൾ നേരിട്ട ധവാൻ തന്റെ സ്വതസിദ്ധമായ സ്ക്വയർ കട്ട് വഴി പേസര്മാരെയും സ്ലോ ബൗളർമാരുടെ ലോഫ്റ്റ് ഷോട്ടുകളും കളിച്ചു.