23 വർഷങ്ങൾക്കു ശേഷം ഹരികൃഷ്ണൻസ് 2

0
96

ഹരികൃഷ്ണൻസ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. സംവിധായകൻ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. 23 വർഷങ്ങൾക്കു ശേഷമാണ് ഹരികൃഷ്ണൻമാർ തിരിച്ചെത്തുന്നത്. മോഹൻലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ‘ഹരികൃഷ്ണൻസ്’. മോഹൻലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയിൽ നിൽക്കുന്ന സമയത്താണ് ഫാസിൽ ഹരികൃഷ്ണൻസ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാൻ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

മീരയുടെ സുഹൃത്തായ ഗുപ്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകൻ രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാൽ ആയിരുന്നു അദ്ദേഹം സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

പ്രണവം ആർട്‌സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ തന്നെയായിരുന്നു. കേരളത്തിലെ പല തിയേറ്ററുകളിലും ക്ലൈമാക്‌സ് മാറ്റി പരീക്ഷിച്ച സിനിമ കൂടിയായിരുന്നു ഇത്. വടകരയിൽ നായിക ജൂഹി ചൗള അവസാനം ലാലേട്ടന് സ്വന്തമായപ്പോൾ തൊട്ടടുത്ത തലശ്ശേരിയിൽ മമ്മൂട്ടിയെയാണ് വരിച്ചിരുന്നത്.