ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾ നല്ല സംസ്കാരത്തിനുടമകൾ: ബിജെപി എംഎൽഎ

0
120

ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾ നല്ല സംസ്കാരത്തിനുടമകളാണെന്ന് ബിജെപി എംഎൽഎ. ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗൽജിയാണ് ബലാത്സംഗക്കേസിലെ കുറ്റവാളികളെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയത്. പതിനഞ്ച് കൊല്ലത്തെ ജയിൽശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സർക്കാർ മോചിപ്പിച്ച പ്രതികൾ ‘ബ്രാഹ്‌മണരാണെ’ ന്നും ‘നല്ല സംസ്‌കാരത്തിനുടമകളാണെ’ന്നുമായിരുന്നു ബിജെപി നേതാവിൻറെ പ്രസ്താവന.

“അവർ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാനുള്ള ഉദ്ദേശം ഉണ്ടാവണം. അവർ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണർ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്”, ഒരു മാധ്യമത്തിന് നൽകിയ അമുഖത്തിൽ എംഎൽഎ പറഞ്ഞു. പ്രതികൾ ജയിലിലായിരുന്ന കാലത്ത് സൽസ്വഭാവികളായിരുന്നെന്നും ബിജെപി എംഎൽഎ കൂട്ടിച്ചേർത്തു.

ബിൽക്കീസ് ബാനു വധക്കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സർക്കാർ കഴിഞ്ഞ പതിനാറാം തീയതി മോചിപ്പിച്ചത്. പ്രതികളുടെ മോചനത്തിൽ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎൽഎയുടെ പ്രസ്താവന. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളിൽ ഒരാൾ കൂടിയാണ് സി.കെ. റൗൽജി. അതേസമയം ബിജെപി നേതാവിൻറെ പ്രസ്താവനയ്ക്കെതിരെ ടിആർഎസിന്റെ സോഷ്യൽ മീഡിയ കൺവീനർ വൈ. സതീഷ് റെഡ്ഡി രംഗത്ത് വന്നു.