ഓപ്പറേഷൻ വാഹിനിയിലൂടെ തുമ്പിച്ചാലിനു പുതുജീവൻ

0
74

മഹാപ്രളയ കാലത്തിനു മുമ്പും കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിനു കരയിലുള്ള ആറു വീടുകളിലുള്ളവരെ മാറ്റി പാർപ്പിക്കേണ്ടതായി വന്നിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്താൽ വീടുകളിൽ വെള്ളം കയറുന്നതിനാൽ താമസിക്കാൻ സാധിക്കുമായിരുന്നില്ല. ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി എക്കലും ചെളിയും നീക്കി ആഴം വർധിപ്പിച്ചതോടെ തുമ്പിച്ചാലിനു കൂടുതൽ വെള്ളം ഉൾക്കൊള്ളാനായി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും തുമ്പിച്ചാൽ കവിഞ്ഞില്ല, ഇത് പ്രദേശവാസികൾക്ക് ആശ്വാസമായി. പത്തര ഏക്കറുള്ള ചിറയാകെ പായലും ചെളിയും നിറഞ്ഞ അവസ്ഥയിലായിരുന്നു. ജെ.സി.ബി ഉപയോഗിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പദ്ധതിക്കായി ഉപയോഗിച്ചു.

വിവിധ ഏജൻസികളുമായി സഹകരിച്ച് തുമ്പിച്ചാലിൽ ടൂറിസം പ്രൊജക്ട് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു പറഞ്ഞു. അശോക വൃക്ഷത്തൈകൾ നട്ട് ചിറ മനോഹരമാക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തുവരുന്നു.

തുമ്പിച്ചാൽ കൂടാതെ ചാലക്കൽ തോട് ഉൾപ്പെടെ മറ്റു തോടുകളും പെരിയാറിന്റെ കൈവഴികളായ തോടുകളിലെ എക്കലും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.