ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ്

0
92

ദിലീപിനെതിരെ രംഗത്തു വന്ന സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ്. പരാതിക്ക് പിന്നിൽ ദിലീപും സംഘവും ആണ് എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ പരാതിക്കാരി ഒളിവിലാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയതിലുളള വെെരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നൽകിയെന്നും പൊലീസ് കണ്ടെത്തി. കൂടാതെ പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെ പ്രതിയാണ്.

ഒളിവിലുള്ള പരാതിക്കാരിയെ കണ്ടെത്താനുള്ള ശ്രമം നടത്തിവരുകയാണ് എന്നാണു പോലീസ് പറയുന്നത്. ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാലചന്ദ്ര കുമാറിനെതിരെ ദിലീപും സംഘവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജ പരാതി സൃഷ്ടിച്ചതെന്ന് പ്രത്യേക പൊലീസ് സംഘം കണ്ടെത്തിയത്.