ശിഹാബ് ചോറ്റൂരിന് പാകിസ്താനിലേക്ക് പ്രവേശിക്കാൻ കേവലം രണ്ടാഴ്ച മാത്രം

0
68

മലപ്പുറത്തുനിന്ന് മക്കയിലേക്കുള്ള പാതയിൽ ഏറ്റവും ദൈർഘ്യമേറിയ രാജ്യവും ദൂരവും പിന്നിടാൻ ശിഹാബ് ചോറ്റൂരിന് ഇനി ദിവസങ്ങൾമാത്രം.
രാജസ്ഥാനിൽനിന്ന് അജ്മീറും കിഷൻഗഡും രൂപൻഗഡും പിന്നിട്ട് നാഗൂർ ജില്ലയിലെ പർബത്സറിലെത്തിയതോടെ നിലവിലുള്ള വേഗത്തിൽ യാത്ര തുടർന്നാൽ അമൃത്സർ വഴി അട്ടാരി അതിർത്തിയിലൂടെ പാകിസ്താനിലേക്ക് പ്രവേശിക്കാൻ കേവലം രണ്ടാഴ്ച മാത്രം. വൻജനാവലിയാണ് ശിഹാബിനെ കാണാനും അനുഗമിക്കാനുമെത്തുന്നത്.

ബുധനാഴ്ച നാഗൂർ ജില്ലയിൽ പ്രവേശിച്ച ശിഹാബ് പഞ്ചാബ് അതിർത്തിയിലെ ഗംഗാനഗർ വഴിയാണ് അമൃത്സറിലേക്കും അവിടെനിന്ന് പാകിസ്താൻ അതിർത്തിയിലേക്കും നീങ്ങുക. അമൃത്സറിൽനിന്ന് അട്ടാരിയിലെത്തി അതിർത്തി കടക്കുന്നതോടെ ശിഹാബ് ചോറ്റൂർ സ്വന്തം രാജ്യവും തന്റെ ലക്ഷ്യത്തിലേക്കുള്ള വലിയ ദൂരവും പിന്നിടും. കനത്ത ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവുമായി ഇടക്ക് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനിൽ പെയ്തുകൊണ്ടിരിക്കുന്ന മഴയെ വകവെക്കാതെയാണ് ശിഹാബിന്റെയും സുരക്ഷ നൽകുന്ന പൊലീസിന്റെയും നടത്തം.

ഓരോ ഗ്രാമത്തിലും നൂറുകണക്കിനാളുകൾ തക്ബീർ മുഴക്കിയും പുഷ്പവർഷം നടത്തിയുമാണ് ശിഹാബിനെ സ്വീകരിക്കുന്നത്. അജ്മീറിലെത്തിയ സമയത്ത് ശിഹാബിനെ കാണാൻ തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. അതിന് ശേഷം ആഗസ്റ്റ് 15ന് സുരക്ഷ ക്രമീകരണങ്ങൾ മുൻനിർത്തി യാത്ര അനുവദിച്ചിരുന്നില്ല. അജ്മീറിൽ താമസിച്ച ഹോട്ടൽ സുഹാസയിൽ ശിഹാബിനെ നേരിൽ കാണാൻ കൂടെയുള്ളവർ അനുവദിക്കാതിരുന്നതുമൂലം നൂറുകണക്കിനാളുകളാണ് നിരാശരായി മടങ്ങിയത്.

ഗുജറാത്തിൽനിന്നുപോലും പിന്തുടർന്ന് വാഹനങ്ങളിലെത്തിയവർ ശിഹാബ് താമസിക്കുന്ന അതേ ഹോട്ടലിൽ മുറികളെടുത്തവരും ഇതുപോലെ കാണാനാകാതെ മടങ്ങിയവരിൽപെടും. മുൻകൂട്ടി അറിയിക്കാതെ പുലർച്ചെ നാലിന് അജ്മീർ ദർഗയിലെത്തിയപ്പോഴും വൻ ജനത്തിരക്കായിരുന്നു. തുടർന്ന് അജ്മീറിൽനിന്നും ഘൂൻഘട്ടിലെത്തിയപ്പോഴേക്കും മഴ കനത്തെങ്കിലും അത് വകവെക്കാതെ യാത്ര തുടർന്നാണ് 18 കി.മീ താണ്ടി കിഷൻഗഡിലെത്തിയത്. കാൽ ലക്ഷത്തോളം പേരാണ് കിഷൻഗഡ് പട്ടണത്തിൽ ശിഹാബിനെ കാണാൻ കാത്തുനിന്നത്.

രാജസ്ഥാനിൽ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുള്ളതിനാൽ പൊലീസ് നിശ്ചയിക്കുന്ന സമയക്രമത്തിനനുസരിച്ചാണ് ശിഹാബിന്റെ നടത്തം. കിഷൻഗഡിൽ ചൊവ്വാഴ്ച രാത്രി പത്തിനെത്തിയ ശിഹാബ് പൊലീസ് നിർദേശിച്ചതു പ്രകാരം അൽപനേരം വിശ്രമിച്ച്‌ ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്ക് മഴയത്താണ് രൂപൻഗഡിലേക്ക് പുറപ്പെട്ടത്.

നാഗൂർ ജില്ലയിലേക്കുള്ള വഴിമധ്യേ സുർസോറയിലെ ക്ഷേത്രത്തിൽ ജാട്ടുകളുടെ ‘തേജാജി ഉത്സവ’ത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തരെത്തുന്നത് മൂലമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്തായിരുന്നു ഇത്. ശിഹാബിന്റെ യാത്രാമധ്യേ അനിഷ്ട സംഭവമുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയൊരുക്കാനാണ് നിർദേശമെന്ന് അജ്മീറിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇഖ്ബാൽ ഖാൻ പറഞ്ഞു.