കശ്മീർ സ്വദേശികളല്ലാത്തവർക്ക് കാശ്മീരിൽ വോട്ടവകാശം നൽകരുത്: മെഹബൂബ മുഫ്തി

0
68

പുറത്ത് നിന്നും വന്ന് ജമ്മു കശ്മീരിൽ താമസമാക്കുന്നവർക്ക് വോട്ടവകാശം നൽകാനുള്ള ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി.

മതേതര ഇന്ത്യയുടെ ഭാഗമാകാനാണ് മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായത്. എന്നാൽ ഇന്ന് എല്ലാം ബിജെപിയുടെ ഇഷ്ടപ്രകാരമാണ് തീരുമാനിക്കപ്പെടുന്നതെന്ന് മെഹബൂബ ആരോപിച്ചു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വന്ന് ജമ്മു കശ്മീരിൽ താമസമാക്കുന്നവർക്ക് വോട്ടവകാശം നൽകാനുള്ള തീരുമാനത്തിനെതിരായ പ്രതിഷേധ പരിപാടികളെ കുറിച്ച്‌ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയോട് മെഹബൂബ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്കും വോട്ടവകാശം നൽകാനുള്ള തീരുമാനം. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ളവരാണെങ്കിലും, പ്രദേശത്ത് സ്ഥിരതാമസക്കാരല്ലെങ്കിലും അവർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

പുറത്ത് നിന്നുമുള്ളവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശം നൽകുന്നതിന്റെ പ്രാരംഭ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. ഇതിനായുള്ള കരട് നിർദ്ദേശങ്ങൾ സെപ്റ്റംബർ 15ന് മുൻപ് പുറത്തിറങ്ങും. നവംബർ 10ഓട് കൂടി നടപടികൾ പൂർത്തീകരിച്ച്‌, നവംബർ 25ഓടെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.