ഓൾ ഇന്ത്യ പോലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം

0
43

എഴുപത്തൊന്നാമത് ഓൾ ഇന്ത്യ പോലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം പിരപ്പൻകോട് ഡോ. ബി ആർ അംബേദ്കർ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സിൽ തുടക്കമായി. 26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങൾ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യൻഷിപ്പിന് 11 വർഷത്തിനുശേഷമാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്.

കേരള പോലീസ് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നീന്തൽ രംഗത്ത് ഇന്ത്യയുടെ മിന്നും താരങ്ങളായ സി.ആർ.പി.എഫിന്റെ റിച്ച മിശ്ര, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റ് സജൻ പ്രകാശ് എന്നിവർ പങ്കെടുക്കുന്നുണ്ട്.
കേരളമടക്കം 20 സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് ടീമുകൾക്ക് പുറമെ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, അസാം റൈഫിൾസ്, എസ്.എസ്.ബി, സി.ആർ.പി.എഫ്, ഇന്തോ-ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

26 ടീമുകൾ പങ്കെടുത്ത മാർച്ച് പാസ്റ്റ് നടന്നു. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ദീപശിഖ കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായ സജൻ പ്രകാശിന് മുഖ്യമന്ത്രി കൈമാറി. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാർ, മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

സൂര്യ കൃഷ്ണമൂർത്തി കോറിയോഗ്രാഫി നിർവഹിച്ച ‘നാട്ടരങ്ങുകൾ’ എന്ന കലാപരിപാടി ഉദ്ഘാടന സന്ധ്യയ്ക്ക് മിഴിവേകി. വേലകളി, ഗരുഡൻ പറവ, മയൂരനൃത്തം, തെയ്യം, ശിങ്കാരിമേളം, പടയണി, കഥകളി, വെളിച്ചപ്പാട് തുള്ളൽ തുടങ്ങിയ വിവിധ കലാരൂപങ്ങൾ 200 ഓളം കലാകാരൻമാർ വേദിയിൽ അവതരിപ്പിച്ചു.