കോഴിക്കോട് മെഡിക്കൽ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോർജ്

0
60

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാതശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാൻ മികച്ച സൗകര്യങ്ങളൊരുക്കി. ഇതിന്റെ ഫലമായി ലക്ഷ്യ അംഗീകാരം ലഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എൻഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓർത്തോപീഡിക്സ് വിഭാഗത്തിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷൻ സിസ്റ്റം 80 ലക്ഷം, പൾമനോളജി മെഡിസിനിൽ വീഡിയോ ബ്രോങ്കോസ്‌കോപ്പ് വിത്ത് വീഡിയോ പ്രോസസർ 22 ലക്ഷം, കാർഡിയോ പൾമണറി ടെസ്റ്റ് ഉപകരണങ്ങൾ 42.53 ലക്ഷം, അനസ്തീഷ്യ വിഭാഗത്തിൽ മൾട്ടിപാര മോണിറ്റർ 11.20 ലക്ഷം, ഹൈ എൻഡ് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ 52.58 ലക്ഷം, ഫ്ളക്സിബിൾ ഇൻട്യുബേറ്റിംഗ് വീഡിയോ എൻഡോസ്‌കോപ്പ് 25 ലക്ഷം, ഇ.എൻ.ടി. വിഭാഗത്തിൽ 4 കെ അൾട്രാ ഹൈ ഡെഫിനിഷൻ ക്യാമറ എൻഡോസ്‌കോപ്പി സിസ്റ്റം 75 ലക്ഷം, സിവിടിഎസിൽ ഐഎബിപി മെഷീൻ 34.21 ലക്ഷം, ജനറൽ സർജറിയിൽ ലേസർ മെഷീൻ 25 ലക്ഷം, 4 കെ 3 ഡി എൻഡോസ്‌കോപ്പി സിസ്റ്റം 1.20 കോടി, പീഡിയാട്രിക് സർജറിയിൽ ഒടി ലൈറ്റ് ഡബിൾ ഡൂം 5.47 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങൾ വാങ്ങാൻ തുകയനുവദിച്ചത്.

വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കൽ, ട്രിപ്പിൾ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികൾ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്കിലേയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലേയും ഐഎംസിഎച്ചിലേയും വിവിധ വാർഡുകളിലെ ടോയിലറ്റുകളുടെ നവീകരണം, കിച്ചൺ, ലോൺട്രി അറ്റകുറ്റ പണികൾ, ടെറിഷ്യറി കാൻസർ സെന്റർ ഇന്റർ ലോക്കിംഗ്, വോളിബോൾ കോർട്ട് നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ്, സീലിംഗ് ഫാനുകൾ, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.