നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ നടി നൽകിയ ഹർജി ഹൈക്കോടതിയിൽ

0
86

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെ ആരോപണം. ‌ദൃശ്യങ്ങൾ ഉള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ച്‌ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസിൽ 84 ദിവസത്തെ ജയിൽ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ കോടതി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളിയത്.