പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗികപീഡന പരാതി നിലനിൽക്കില്ല: കോഴിക്കോട് സെഷൻസ് കോടതി

0
101

യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോഴിക്കോട് സെഷൻസ് കോടതി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്.

പ്രതിഭാഗം ജാമ്യാപേക്ഷയോടൊപ്പം കോടതിയിൽ സമർപ്പിച്ച ഫോട്ടോ പ്രകാരം പരാതിക്കാരിയായ യുവതി ധരിച്ച വസ്ത്രം ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതാണെന്ന് കോടതി പറഞ്ഞു. പ്രതിക്ക് ലൈംഗികമായി ഉത്തേജനം നൽകുന്നതിന് പ്രേരിപ്പിക്കുന്ന വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്. അതിനാൽ പ്രഥമദൃഷ്ട്യാ ലൈംഗിക പീഡനശ്രമ പരാതി നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

മാത്രമല്ല ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

2020 ഫെബ്രുവരിയിൽ നന്തി ബീച്ചിൽ നടന്ന ക്യാമ്പിൽ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി സിവിക് ചന്ദ്രൻ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭം​ഗം വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിവിക്ക് ചന്ദ്രന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു