പുഴയൊഴുകും മാണിക്കല്‍: ‘കാവോരം വീഥി’ നാടിന് സമര്‍പ്പിച്ചു

0
78

മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ മത്തനാട്-വേളാവൂര്‍ പുഴയോര പാതയായ ‘കാവോരം വീഥി’ നാടിന് സമര്‍പ്പിച്ചു. ‘പുഴയൊഴുകും മാണിക്ക’ലിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി, നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ കലവറയായ കാവുകള്‍ സംരക്ഷിക്കപ്പെടണമെന്ന് ടി.എന്‍. സീമ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് പാത നിര്‍മ്മിച്ചത്. പ്രഭാത-സായാഹ്ന സവാരി, സൈക്ലിങ് എന്നിവയ്ക്ക് അനുയോജ്യമായാണ് വീഥിയുടെ നിര്‍മ്മാണം. മുളകള്‍, ചെറുകാടുകള്‍, തണല്‍ മരങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് കാവോരം വീഥി. പൊതുജനങ്ങള്‍ക്ക് യഥേഷ്ടം നടന്നും സൈക്കിളിലും ഈ പാതയിലൂടെ സഞ്ചരിക്കാം.

മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ലേഖ കുമാരി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, നവകേരളം-ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.