സംസ്ഥാനത്തെ തീര സംരക്ഷണത്തിനായി 2,400 കോടിയുടെ കേന്ദ്ര സഹായം തേടി കേരളം

0
103

സംസ്ഥാനത്തെ തീര സംരക്ഷണത്തിനായി 2,400 കോടിയുടെ കേന്ദ്ര സഹായം തേടി കേരളം. ഇതിനായി കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം റുപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്തെ മന്ത്രി വി.അബ്ദുറഹിമാൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന പോഷകാഹാരത്തിനും ഉപജീവനത്തിനും ആയുള്ള പദ്ധതിയുടെ വിഹിതവും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. അതേസമയം, തിരുവനന്തപുരത്തെ വിഴിഞ്ഞം വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പിന്നീട് റെയിൽവേ മന്ത്രിയെയും വി.അബ്ദുറഹിമാൻ സന്ദർശിച്ചു. റെയിൽ ഭവനിലായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ച. വിഴിഞ്ഞത്തുനടക്കുന്ന പദ്ധതിക്കെതിരായ സമരം പെട്ടന്ന് തീരുമാനമെടുക്കാൻ കഴിയുന്ന ഒന്നല്ല എന്ന് മന്ത്രി പറഞ്ഞു.എല്ലാ കാര്യവും വിശദമായി പരിശോധിക്കുമെന്നും വി.അബ്ദുറഹിമാൻ വ്യക്തമാക്കി.

നിലവിൽ വിഴിഞ്ഞത്ത് ഇപ്പോൾ നിർമാണം നിർത്തി വച്ചിരിക്കുന്നത് മഴക്കാല നിയന്ത്രണങ്ങളുടെ ഭാഗമായാണ്. മൺസൂൺ സമയത്ത് കടലുമായി ബന്ധപ്പെട്ടുള്ള എല്ലാ നിർമാണങ്ങളും നിർത്തിവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.