നാവികസേനയുടെ ഐ.എന്‍.എസ് സത്പുര സാന്‍ ഡിയാഗോ തുറമുഖത്തെത്തി

0
88

സാന്‍ഫ്രാന്‍സിസ്കോ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സത്പുര യുദ്ധക്കപ്പല്‍ യു.എസിലെ സാന്‍ ഡിയാഗോ തുറമുഖത്തെത്തി.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സത്പുരയില്‍ ഇന്ന് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ നടത്തും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ആദ്യ യുദ്ധക്കപ്പലാണ് സത്പുര.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലുമായുള്ള പ്രധാന തുറമുഖങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ നാവികസേന എട്ട് കപ്പലുകളില്‍ ഒന്നാണ് സത്പുര. ഐ.എന്‍.എസ് ചെന്നൈ, ഐ.എന്‍.എസ് ബെത്‌വ എന്നിവ മസ്കറ്റിലെത്തി. വിദേശ സന്ദര്‍ശന ദൗത്യത്തിലുള്ള ഐ.എന്‍.എസ് സരയൂ (സിംഗപ്പൂര്‍ ), ഐ.എന്‍.എസ് ത്രികണ്ഡ് (മൊംബാസ ), ഐ.എന്‍.എസ് സുമേധ ( പെര്‍ത്ത് ), ഐ.എന്‍.എസ് തര്‍ക്കാഷ് (റിയോ ഡി ജനീറോ), ഐ.എന്‍.എസ് തരംഗിണി (ലണ്ടന്‍) എന്നീ കപ്പലുകളിലും ഇന്ന് ഇന്ത്യന്‍ പതാക ഉയര്‍ത്തും.

എല്ലാ കപ്പലുകളിലും ഇന്ന് വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. ഐ.എന്‍.എസ് തരംഗിണിയിലെ നാവികര്‍ ലണ്ടനിലെ കോമണ്‍വെല്‍ത്ത് മെമ്മോറിയല്‍ ഗേറ്റ്സില്‍, രണ്ട് ലോകമഹായുദ്ധങ്ങളില്‍ ജീവന്‍ അര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.