അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

0
54

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികൾ മരണപ്പെട്ടു. വിദ്യാർത്ഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ മുരളീധരന്റെ മകൻ ശ്രീഹരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ അർത്തുങ്കലിനു സമീപം ചെത്തി കടൽ തീരത്തടിയുകയായിരുന്നു.

കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയിൽ കണ്ണന്റെ മകൻ വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരെയും തിരയിൽപ്പെട്ട് കാണാതായത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആറ് വിദ്യാർഥികൾ തീരത്തെത്തിയത്. ഇതിൽ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടൻതന്നെ ഇവർ തിരയിൽപ്പെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിത്താണ ഇവർ സഹായത്തിന് നിലവിളിച്ചു. ശബ്ദം കേട്ട മത്സ്യതൊഴിലാളികൾ എത്തി ഒരാളെ രക്ഷപ്പെടുത്തി. ഇവർ കയറെറിഞ്ഞു നൽകിയാണ് മുങ്ങിത്താണ വിദ്യാ‍ർഥിയെ രക്ഷപെടുത്തിയത്. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു.

ചേർത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിൽ പൊലീസും കടക്കരപ്പള്ളിയിലെയും ചേർത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയൻ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി രംഗത്തെത്തിയിരുന്നു. അഗ്നിശമനസേനയും, തീരദേശ പൊലീസും, പൊലീസ് സേനയും വെള്ളിയാഴ്ചയും സംയുക്തമായി തെരച്ചിൽ നടത്തിരുന്നു.