കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്ക് എതിരായ ഇ ഡി നീക്കം സംസ്ഥാനത്തെ വികസനങ്ങൾ തടയാൻ വേണ്ടിയാണ്. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തിൽ വികസനം നടക്കുന്നത്. അത് തടയണമെങ്കിൽ കിഫ്ബിയെ തകർക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി കൊണ്ടു വന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞ പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തു. അഞ്ച് വർഷത്തിന് ശേഷം 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ബിജെപിക്കൊപ്പം കോൺഗ്രസും ഈ ഉദ്യമത്തിൽ പങ്കുചേരുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ല. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. നേരത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചിരുന്ന ചില വിഭാഗങ്ങൾ പിന്നീട് സിപിഎമ്മിനൊപ്പം ചേർന്നു. ഇത് യുഡിഎഫിനെ ഞെട്ടിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ട പാർട്ടിയാണ് സിപിഎം. നേരത്തെ കോൺഗ്രസ് സിപിഎമ്മിനെ തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.