വന്യജീവി ആക്രമണം: അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും- മന്ത്രി എ.കെ ശശീന്ദ്രന്‍

0
88

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലൂടെ സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോര്‍ത്തേണ്‍ സര്‍ക്കിളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മലയോര പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ നോര്‍ത്തേണ്‍ സര്‍ക്കിളിന്റെ പരിധിയില്‍ ഉള്‍പെട്ട വിവിധ ഓഫീസുകളില്‍ കുടിശ്ശികയായുള്ള 49462 ഫയലുകളില്‍ 10394 എണ്ണം തീര്‍പ്പാക്കി.

വേദിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായത്തിന്റെയും സേവനങ്ങളുടെയും വിതരണം മന്ത്രി നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോയല്‍ തോമസ് അധ്യക്ഷനായി. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ വാടിയില്‍ നവാസ്, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്. നരേന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ടെക്നിക്കല്‍ അസിസ്റ്റന്റ് അജിത് കെ രാമന്‍ സ്വാഗതവും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം രാജീവന്‍ നന്ദിയും പറഞ്ഞു.