തുഷാരഗിരിയെ കയാക്കിങ് മത്സരത്തിന്റെ സ്ഥിരം വേദിയാക്കും- ലിന്റോ ജോസഫ് എം.എല്‍.എ

0
63

ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന കയാക്കിങ് മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തുമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ പറഞ്ഞു. തുഷാരഗിരിയില്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്ന കയാക്കിങ് മത്സരവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയാക്കിങ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയോടനുബന്ധിച്ച് മികച്ച ദൃശ്യ-അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ ഗ്രാഫര്‍, ഫോട്ടോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു.മത്സരവുമായി ബന്ധപ്പെട്ട് എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയതായി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി പറഞ്ഞു. മത്സരത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ സ്റ്റാളും ഫുഡ് കോര്‍ട്ടും ഒരുക്കുന്നുണ്ടെന്നും കലാകായിക പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് വെള്ളി, ശനി, ഞായര്‍ (ആഗസ്റ്റ് 12,13,14) ദിവസങ്ങളില്‍ നടക്കുന്ന കയാക്കിങ് മത്സരം ആഗസ്റ്റ് 12 ന് വൈകീട്ട് 3 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 8 മുതല്‍ മത്സര പരിപാടികള്‍ ആരംഭിക്കും. ഞായറാഴ്ച (ആഗസ്റ്റ് 14) ന് വൈകീട്ട് 5 മണിക്ക് ഇലന്തുകടവില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സമാപനം ഉദ്ഘാടനം ചെയ്യും.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.