അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു; വിട്ടൊഴിയാതെ ദാരിദ്ര്യം

0
60

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തിട്ട് ഒരു വര്‍ഷമാകുന്നു. താലിബാന്റെ ഭരണത്തിനു ശേഷം രാജ്യം എത്രത്തോളം മാനുഷിക ദുരിതം അനുഭവിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ​ദക്ഷിണ അഫ്ഗാനിലെ ജീര്‍ണിച്ച ആശുപത്രി വാര്‍ഡ്.

​കോളറ വ്യാപനത്തെ തുടര്‍ന്ന് മറ്റു രോഗികള്‍ക്കു മുന്നില്‍ ആശുപത്രി അധികൃതര്‍ക്ക് വാതിലടക്കേണ്ടി വന്നു. കോളറ സ്ഥിരീകരിക്കുന്നതിന് മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടു പോലും ആ ദിവസങ്ങളില്‍ 550 പേരാണ് ഹെല്‍മന്ദ് പ്രവിശ്യയിലെ മൂസ ഖാല ജില്ലയിലെ ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

ശുദ്ധ ജലത്തിന്റെ ദൗര്‍ലഭ്യവും മലമൂത്ര വിസര്‍ജനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതുമാണ് ആളുകളെ രോഗികളാക്കിയത്. വളരെ വിഷമം പിടിച്ച അവസ്ഥയാണിതെന്ന് ആശുപത്രി മേധാവി ഇഹ്സാനുല്ല റോദി പറയുന്നു. മറ്റൊരിക്കല്‍ പോലും അഫ്ഗാനിസ്താന്‍ ഇത്തരമൊരു ദാരുണ അവസ്ഥക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാനുഷിക ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി അഫ്ഗാന്‍ മാറിയെന്ന് അടുത്തിടെ ​ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിരുന്നു.

രോഗത്തിനൊപ്പം ദാരിദ്ര്യമാണ് അഫ്ഗാനിസ്താനെ വലക്കുന്ന മറ്റൊരു ദുരിതം. വരള്‍ച്ചയും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശാനന്തരമുള്ള ഉയര്‍ന്ന പണപ്പെരുപ്പവും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിട്ടു. താലിബാന്‍ അധികാരത്തിലെത്തിയതു മുതല്‍ പാചക വാതകം കിട്ടാക്കനിയായിരിക്കുന്നു. പോഷകാഹാരക്കുറവുള്ള ആറു മാസം പ്രായമുള്ള പേരക്കുട്ടിയുമായി ആശുപത്രിവാസത്തിലാ​ണ് താനെന്നും ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നാലു ദിവസമായി ഞങ്ങളാരും ഒന്നും കഴിച്ചിട്ടു പോലുമില്ല. നല്ലൊരു കിടക്ക പോലും ആശുപത്രിയിലില്ലെന്നും മറ്റൊരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു.

2021 ആഗസ്റ്റ് 15നു മുമ്ബ് ഇതായിരുന്നില്ല സ്ഥിതിയെന്ന് പലരും പറയാതെ പറയുന്നുണ്ട്. യു.എസ് സൈനിക പിന്‍മാറ്റത്തിനു പിന്നാലെയാണ് രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചത്. അതോടെ 3.8 കോടിയോളം വരുന്ന ജനങ്ങള്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലായി വിദേശ ഫണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതോടെ സമ്ബദ്‍വ്യവസ്ഥ തകര്‍ന്നു. ഇതോടെ പട്ടിണിയും ദുരിതവും തുടര്‍ക്കഥയായി.