മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ കണ്ണൂർ ജില്ലയിലെ തലശ്ശേരി ടി സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി എം മറിയുമ്മ (99) അന്തരിച്ചു. കേരളത്തിൽ മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ.
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുന്നതിനും വളരെ മുൻപ് തന്നെ 1938 ലാണ് മറിയുമ്മ കോൺവെന്റിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചത്.മാംഗ്ലൂർ നൺസ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. അഞ്ചു വർഷങ്ങൾക്ക് ശേഷം 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളിൽ പോയിരുന്നു.
അതിനു ശേഷം ഗർഭിണിയായപ്പോൾ വീട്ടിലിരുന്ന് പഠക്കാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി. മറിയുമ്മ നടത്തുന്ന ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകർഷിക്കുന്നതായിരുന്നു.സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ മറിയുമ്മ സജീവമായിരുന്നു. കേരളത്തിൽ സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങുന്നതിനും മുമ്പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.